Friday, September 6, 2013

എന്‍റെ സ്വന്തം സൈക്കിള്‍


ഏകദേശം അഞ്ചാം ക്ലാസ്സില്‍ ആയിരുന്നപ്പോഴാണെന്ന് തോന്നുന്നു എന്‍റെ മനസ്സില്‍ സൈക്കിള്‍ എന്ന ആഗ്രഹം കലശമായത്. എന്നും സൈക്കിളില്‍ സ്കൂളില്‍ പോവുന്നതും സ്വപ്നം കണ്ടുറങ്ങിയ രാത്രികള്‍ കുട്ടികളുടെ മുന്‍പിലൂടെ അതില്‍ കയറി കുറച്ച് അഹങ്കാരത്തോടെ സവാരി ചെയ്യുന്നതെല്ലാം ആന്നത്തെ സ്വപ്നങ്ങളില്‍ നിത്യ സംഭവങ്ങളായിരുന്നു.

പക്ഷേ എന്‍റെ ആ ആഗ്രഹം എന്റേത് മാത്രമാക്കി ഞാന്‍ രാത്രിയിലുള്ള ഉറക്കത്തില്‍ മാത്രം സാവാരിക്കിറങ്ങുന്ന ഒരു രാത്രി സഞ്ചാരിയായിരുന്നു.

ഒരുപാട് യാത്രകള്‍ അതില്‍ ഞാന്‍ നടത്തിയിട്ടുണ്ട് തിരുവാലി മുതല്‍ നിലമ്പൂര്‍ വഴി വഴിക്കടവ് നാടുകാണി ചുരം കയറി വയനാട് വഴി കോഴിക്കോട് പിന്നെ നേരെ കൊണ്ടോട്ടി വഴി ഉമ്മാന്റെ വീട്ടിലെല്ലാം കയറി മഞ്ചേരി വഴിയോ അല്ലങ്കില്‍ അരീക്കോടിലൂടെ എടവണ്ണ വഴിയോ വീട്ടിലെത്തും അതും രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറു മണി ആവുമ്പോഴേക്കും.

നേരം വെളുക്കുമ്പോള്‍ അതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന അഞ്ചാം ക്ലാസ്സുകാരന്‍റെ സങ്കടം ആര് കാണാന്‍ കരച്ചില്‍ ആര് കേള്‍ക്കാന്‍....,

നേരം വെളുത്താല്‍ ഞാനും എന്‍റെ കൂട്ടുകാരന്‍ ആഷ്റഫും സ്കൂള്‍ യാത്രകളില്‍ ചര്‍ച്ച ചെയ്തിരുന്ന ഒരു പ്രധാന വിഷയവും ഇത് തന്നെയായിരുന്നു.

ആ സൈക്കിളും മനസ്സില്‍ കണ്ടു ഞാന്‍ പന്ത് കളി കണ്ടത്തില്‍ (Football ground) കടല വില്‍ക്കാനും ഏട്ടന്‍റെ കടയില്‍ കച്ചവടത്തിന് സഹായിക്കാനും  തുടങ്ങി. കടയില്‍ നിന്ന് കിട്ടുന്നതും കടല വിറ്റുണ്ടാക്കുന്നതും  മിച്ചം പിടിച്ച് ഞാന്‍ അവസാനം ഒരു പഴയ സൈക്കിള്‍ വാങ്ങി .

സത്യത്തില്‍ എന്‍റെ അഞ്ചാം ക്ലാസ്സില്‍ നിന്നും തുടങ്ങിയ  സ്വപ്നം യാഥാര്‍ഥ്യമായത് എട്ടാം ക്ലാസ്സില്‍ എത്തിയപ്പോഴായിരുന്നു ഏകദേശം മൂന്ന് മൂന്നര കൊല്ലം.

അങ്ങനെ അന്ന് മുതല്‍ ഞാനൊരു സൈക്കിള്‍ മുതലാളിയായി ഒരു അരവണ്ടിയുടെ മുതലാളി .

പിന്നെ കുറച്ചു കാലം അതിന്‍റെ മുകളില്‍ തന്നെയായിരുന്നു വെറുതെ എങ്ങോട്ടിന്നില്ലാതെ ചുറ്റലോ ചുറ്റല്‍.,

വെറുതെ ഓരോ അര മണിക്കൂര്‍ കഴിയുമ്പോഴും അതിന്‍റെ മുകളില്‍ ഒന്ന് കയറണം അല്ലങ്കില്‍ എന്തെന്നില്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ ആയിരുന്നു എനിക്ക്.

അങ്ങനെ ഒരിക്കല്‍ കടയില്‍ നില്‍ക്കുന്ന സമയം ഏകദേശം പത്തുമണി ആയിക്കാണും. ഏട്ടനോട് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ നേരെ വീട്ടിലേക്കു  പോയി.

വീട്ടില്‍ പോയി ചായ കുടിച്ച് നേരെ വീണ്ടും സൈക്കിളില്‍., അടുത്ത സവാരിക്ക് റോഡിലേക്കിറങ്ങി.

എന്നിട്ട് സര്‍ക്കസ്സില്‍ അഭ്യാസികള്‍ കാണിക്കുന്നത് പോലെ ഒന്ന് രണ്ടു ഐറ്റംസ് അതിനിടക്ക് ഒരു അപ്പൂപ്പന്‍ സൈക്കിളും കൊണ്ട് എന്‍റെ മുന്‍പിലൂടെ പോവുന്നുണ്ടായിരുന്നു. നേരെ സൈക്കിളുമായി അദ്ദേഹത്തിന്‍റെ പിറകില്‍ ചെന്ന്  രണ്ടു സൈടിലേക്കും ആട്ടി ആട്ടി സൈക്കിള്‍ ഓടിച്ചു കൊണ്ട് അദ്ദേഹത്തേ മറികടന്നു പോയി.

പെട്ടെന്ന് പിന്നില്‍ നിന്നൊരു നിലവിളി കേട്ട് കുറച്ച് കൂടി മുന്നോട്ട് പോയി  ബ്രേക്ക്‌ പിടിച്ചു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് എന്‍റെ മുന്‍പില്‍ പോയിരുന്ന അപ്പൂപ്പന്‍ സൈക്കിളിന്‍റെ അടിയില്‍ കിടക്കുന്നു.

എന്‍റെ ആട്ടി ആട്ടിയുള്ള സൈക്കിള്‍ ഓടിക്കലില്‍ എന്‍റെ സൈക്കിളിന്‍റെ സ്റ്റാന്റ് അപ്പൂപ്പന്‍റെ സൈക്കിളിന്‍റെ മുന്നിലത്തെ ടയറില്‍ ഉടക്കിയിരുന്നു

പിന്നെ ഞാനൊന്നും ആലോചിച്ചില്ല സൈക്കിള്‍ എടുത്തു കത്തിച്ചു വിട്ടു. കുറച്ചു ദൂരം കഴിഞ്ഞ് അപ്പൂപ്പന്‍ വീണു കിടന്നിരുന്ന റോഡിന്‍റെ കുറച്ച് അപ്പുറത്ത് പോയി നോക്കുമ്പോഴുണ്ട് കുറച്ചാളുകള്‍ അദ്ദേഹത്തേ എടുത്തു ഓട്ടോയില്‍ കയറ്റി കൊണ്ട് പോവുന്നു. സൈക്കിള്‍ വേറൊരാള്‍ ഓടിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു.

വൈകുന്നേരം ഏട്ടന്മാര്‍ അങ്ങേരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു വന്നതിന് ശേഷമാണ് അന്ന് ഉറങ്ങിയത്.

എന്തായാലും കുറച്ചു കാലത്തേക്ക് സൈക്കിള്‍ വീണ്ടും ഒരു സ്വപ്നം മാത്രമായി മാറ്റിയ സംഭവമായിരുന്നു അത്.

ചെറുപ്പത്തില്‍ നമ്മളെ സങ്കടപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്തിരുന്ന കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമ്പോള്‍ ഒരു തമാശയായി തോന്നാറുണ്ട് ..

ശരിയല്ലേ .. ?

എന്‍റെ സൈക്കിള്‍ യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു ഒരുപാട് പേടിപ്പെടുത്തലുകളും സങ്കടപ്പെടുത്തലുകളുമായി....

Tuesday, September 3, 2013

നെടുങ്കയം യാത്ര [ നിലമ്പൂര്‍ ]

എന്നാല്‍ നമുക്ക് യാത്ര തുടങ്ങാം താഴെ കാണുന്ന റോഡ്‌ ആണ് ഊട്ടി റോഡ്‌ എന്നറിയപ്പെടുന്ന നിലമ്പൂര്‍ റോഡ്‌ . ഏകദേശം ഇവിടെ നിന്ന് 15 കിലോ മീറ്റര്‍ അകലെയാണ് നമ്മള്‍ ഇന്ന് സന്ദര്‍ശിക്കാന്‍ പോവുന്ന നെടുങ്കയം.ഭാഗ്യമുണ്ടെങ്കില്‍ വന്യജീവികളെയും കാണാം. സാഹസികതയെ സ്‌നേഹിക്കുന്നവര്‍ക്കും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ വിരുന്നാണ് നെടുങ്കയം ഒരുക്കിയിരിക്കുന്നത്.

നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് നിലമ്പൂര്‍ കനോലി പ്ലോട്ട് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ തേക്ക് തോട്ടത്തിന്‍റെ മുമ്പിലൂടെയാണ്.


ഏകദേശം 5.765 ഏക്കര്‍ വിസ്തൃതി ഉണ്ട് ഇതിന് ബ്രിട്ടീഷ് ഭരണ കാലത്ത് തേക്ക് തടികളുടെ ആവശ്യാര്‍ത്ഥം അന്നത്തെ വന പരിപാലനോദ്യോഗസ്ഥന്‍ ആയ ചാത്തു മേനോന്‍ ആണ് 1846-ല്‍ കനോലി പ്ലോട്ട് നിര്‍മ്മാണം തുടങ്ങിയത്.

നമ്മള്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്ന റോഡിന്‍റെ ഇടതു വശത്ത്‌ കൂടി ഒരു റോഡുണ്ട് അതിലൂടെ പോവുകയാണെങ്കില്‍ ചാലിയാര്‍ പുഴയും അതിന് മുകളിലൂടെ ഒരു തൂക്കു പാലവും ഉണ്ട് പുഴക്കപ്പുറത്ത് സന്ദര്‍ശനയോഗ്യമായ രീതിയില്‍ കനോലി പ്ലോട്ടും നില കൊള്ളുന്നു.
(പ്രധാന പരിപാടി നെടുങ്കയം സന്ദര്‍ശനമായത് കൊണ്ട് കനോലി പ്ലോട്ടിലേക്ക് നമുക്ക് വേറൊരു ദിവസം പോവാം)


നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് നെടുങ്കയം ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റിന്‍റെ മുന്‍പിലാണ് ഇവിടെ നിന്നും സന്ദര്‍ശന ടിക്കറ്റ്‌ എടുക്കണം.


സന്ദര്‍ശന ടിക്കറ്റ്‌ എടുത്തതിന് ശേഷം നെടുങ്കയം ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റ്‌ മറികടന്നു തേക്കിന്‍ കാടിനകത്ത്  കൂടി പോവുന്ന റോഡിലൂടെ യാത്ര തുടരുകയാണ്

ഇതാണ് നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ 


ഇരു വശവും തേക്കിന്‍കാടുകള്‍ നിറഞ്ഞ വഴി ഒരൊറ്റ മൃഗങ്ങളെയും കാണുന്നില്ലല്ലോ
"വല്ല മുയലിനേയോ മയിലിനേയോ കണ്ടാല്‍ മതിയായിരുന്നു"


നിങ്ങളുടെ ഭാഗ്യം പോലെ ഉണ്ടാവും കണ്ടാല്‍ തന്നെ കണ്ടു എന്ന് പറയാവൂ .


കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രാര്‍ഥിച്ചോളൂ.


യാത്ര തുടരുന്നു എന്താവുമോ എന്തോ , എന്തായാലും വന്നതല്ലേ


എന്തായാലും തേക്കുകളുടെ ഫോട്ടോകള്‍ എടുത്തോളൂ


വിഷമിക്കേണ്ട എത്താറായിട്ടുണ്ട്.


ദാ .. ആ കാണുന്ന വളവു തിരിഞ്ഞാല്‍ എത്തി .. !


സോറി ഈ വളവല്ല അടുത്ത വളവാണ് കുറെ കാലമായി ഇങ്ങോട്ട് വന്നിട്ട് അതോണ്ടാ.

ഹാവൂ .. കുറേ നേരത്തിനു ശേഷം ഒരു ഒഴിഞ്ഞ സ്ഥലം കണ്ടു , വേണമെങ്കില്‍ ഒന്ന് മൂത്രമൊഴിച്ചു വന്നോള്ളൂ.


എല്ലാവരും ഒഴിച്ചില്ലേ എന്നാ നമുക്ക് യാത്ര തുടരാം ല്ലേ ..!

ആ വളവു കഴിഞ്ഞാല്‍ ചിലപ്പോള്‍ ആനയെ കാണാന്‍ പറ്റുമായിരിക്കും.


സൂക്ഷിച്ചു നോക്കണ്ട അത് ആനയല്ല പാറയാണ്‌..., ആന പോയിട്ട് ആന പിണ്ഡം പോലുമില്ലല്ലോ .. ഹി ഹി ഹി


അങ്ങോട്ടു നോക്കൂ  നമ്മുടെ മുമ്പിലൂടെആരോ ബൈക്കില്‍ പോവുന്നുണ്ട്


ഇവിടെ ഒരു മരം വീണു കിടക്കുന്നുണ്ടല്ലോ


ഹ ഹ .. ഇത് വീണു കിടക്കുന്നതല്ല വില്‍ക്കാന്‍ വേണ്ടി മുറിച്ചിട്ടേക്കുന്ന തേക്കു തടികളാണ്.


ഇവിടെ നിന്നും തേക്കിന്‍ തടികള്‍ ആവശ്യമുള്ളവര്‍ ലേലം വിളിച്ച്‌ എടുക്കയാണ് പതിവ് എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്.


പോവാം പോവാം ധൃതി കൂട്ടല്ലേ ..ഇപ്പോള്‍ എത്തും ട്ടോ ..!


ഇത് അത്ര വല്ല്യ തേക്കൊന്നുമല്ല നമ്മള്‍ പോരുന്ന വഴിക്ക് കണ്ടത് പോലുള്ള ഒരു തേക്കാണ് താഴെ നിന്നും മുകളിലേക്ക് ഫോട്ടോ എടുത്തത് കൊണ്ടാണ് ഭയങ്കര നീളം ഉള്ളത് പോലെ തോന്നുന്നത്.


ഇനി ഞാന്‍ പറ്റിക്കില്ല നമ്മള്‍ ഇപ്പോള്‍ എത്തും ..സത്യം.



ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്  ചാലിയാര്‍ പുഴയുടെ മുകളിലൂടെ അപ്പുറത്തേക്ക് കടക്കാന്‍ വേണ്ടി പണ്ട് ബ്രിട്ടീഷുകാര്‍ നെടുങ്കയത്ത് നിര്‍മ്മിച്ച ഇരുമ്പ് പാലത്തിന്ന് മുമ്പിലാണ്. ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയ ഇ.എസ് ഡോസന്‍ സായിപ്പിന്‍റെ മേല്‍നോട്ടത്തില്‍ ആണിതിന്‍റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഇതിന് അപ്പുറത്തേക്ക് സന്ദര്‍ശകരുടെ വാഹനങ്ങള്‍ കയറ്റി വിടില്ല.

പാലത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു  
'' 1938-ല്‍ ഇംഗ്ലീഷുകാരനായ ഫോറസ്റ്റ് എഞ്ചിനിയര്‍ ഈ കയത്തില്‍ മുങ്ങി മരിച്ചതാണ് രേഖാമൂലമുള്ള ആദ്യത്തെ വിവരം. അതിനുശേഷം പല സന്ദര്‍ശകരും ഈ കയത്തില്‍ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യം കൊണ്ട് ഈ കയത്തില്‍ മുങ്ങിപോയവര്‍അനവധിയാണ്. ഏറ്റവും അവസാനം ഈ കയത്തില്‍ മരണപ്പെട്ടത് 2007 സെപ്തംബര്‍ 12-ന് കോഴിക്കോട്ടുകാരനായ ഫത്തഹുദ്ധീന്‍ ആണ്. ഈ കയത്തിലെ എക്കാലത്തെയും അവസാനത്തെ ദുരന്തവും ഇതായിരിക്കട്ടെ'' .


ഈ കയത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് നെടുങ്കയം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ്.


പാലത്തിന്‍റെ കൈവരികല്‍ക്കിടയിലൂടെയുള്ള ഒരു കാഴ്ച്ച


ഇതും പാലത്തിന്‍റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന ഒരു കാഴ്ച്ചയാണ്.


അങ്ങനെ നമ്മള്‍ പുഴയുടെ അരികിലെത്തി 


ദാ ആ കാണുന്നതാണ് നമ്മള്‍ വന്ന ഇരുമ്പ് പാലം


ദേ ... അങ്ങോട്ടു നോക്കിക്കേ അവിടെ ഒരു ചെറിയ വീട് പോലെ കാണുന്നില്ലേ അത് തേക്കിന്‍ തടികള്‍ ഉപയോഗിച്ച് ഡോസന്‍ സായിപ്പ് നിര്‍മ്മിച്ച ബംഗ്ലാവാണ്.

നമുക്ക് കുറച്ചു കൂടി ഉള്ളിലോട്ടു പോയി നോക്കാം ചിലപ്പോള്‍ ആനയും മറ്റും ഉണ്ടാവാന്‍ സാധ്യത ഉണ്ട്.


ഇതെന്തൊരു മരമാ .. ഹിഹിഹി കാണാന്‍ നല്ല രസമുണ്ടല്ലേ ..!


ഇത് നമ്മള്‍ ഇപ്പോള്‍ കണ്ട മരം തന്നെയാണ് ഒരു ഫുള്‍ സൈസ് ഫോട്ടോക്ക് പോസ് ചെയ്തു തന്നപ്പോള്‍ എടുത്തതാ .


ഇവിടെ കാണുന്ന മരങ്ങളുടെ പേരുകളൊന്നും എന്നോട് ചോദിക്കരുത് .


ഇതും ഒരു മരം തന്നെയാണ് .. ഒരുപാട് മരങ്ങള്‍ കൂടി ചേര്‍ന്നുണ്ടായത് പോലെ അല്ലെ ..!


വെറുതെ ഒരു രസത്തിന് വഴിമുടക്കി വീണു കിടന്നിരുന്ന ഒരു മരത്തിന്‍റെ ഫോട്ടോയാ.


കണ്ടോ ആ കാണുന്ന മരത്തിന്‍റെ ഇലകള്‍ കണ്ടാല്‍ മുരിങ്ങയില പോലെയാ


അങ്ങോട്ടു നോക്കൂ മരങ്ങള്‍ക്കിടയില്‍ ഒരു അഹങ്കാര മരം നില്‍ക്കുന്നത് കണ്ടില്ലേ .


പുഴയുടെ അരികത്ത് ഇത് പോലുള്ള ഒരുപാട് മരങ്ങള്‍ ഉണ്ട് 


നക്ഷത്ര പൂവ്


ഇതാണ് ചുണ്ടങ്ങ കായ.
നമ്മള്‍ ഇപ്പോള്‍ പൂ കണ്ട ചെടിയുടെ കായയാണ്.


ദേ .. ഒരു ചെറിയ മരം വെള്ളത്തില്‍ കിടക്കുന്നു


ഒഴുകുന്ന പുഴയുടെ നടുവില്‍ കണ്ട കുറച്ചു ചെടികള്‍ 


നമ്മള്‍ വീണ്ടും പാലത്തിന്‍റെ മുകളില്‍ എത്തി. വരൂ  ഇനി നമുക്ക് കുറച്ചു കാഴ്ച്ചകള്‍ കൂടി കാണാന്‍ ബാക്കിയുണ്ട്.

ഇതാണ് ഡോസന്‍ സായിപ്പിന്‍റെ ശവ കുടീരം


ഇതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു 

"ഇ.എസ്. ഡോസന്‍ , ഐ.എഫ്.ഇ.എസ്
ജനനം 1897 - മരണം  1938

ഇംഗ്ലീഷ്കാരനായ മിസ്റ്റര്‍... ഇ.എസ്.ഡോസന്‍ 1922 മുതല്‍ ഇന്ത്യന്‍ ഫോറെസ്റ്റ് എഞ്ചിനീയറിംഗ് സര്‍വ്വീസില്‍ ആയിരുന്നു 1938-ല്‍ നെടുംകയം പുഴയില്‍ നീന്തി കുളിക്കവേ അദ്ദേഹം ഒരപകടത്തില്‍പെട്ടു മുങ്ങി മരിച്ചു. നെടുംകയം വനവും  താന്‍ രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ച ഗാര്‍ഡര്‍ പാലവും  അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ വിധവയുടെ അപേക്ഷയനുസരിച്ച് ഡോസന്‍റെ മൃതദേഹം ഇവിടെത്തന്നെ സംസ്കരിച്ചു.

ഇതാണ് ആനപന്തി എന്ന് പറയുന്നത് ഇപ്പോള്‍ ഇവിടെ ആനകളെന്നുമില്ല , ആദ്യ കാലങ്ങളില്‍ കാട്ടില്‍ നിന്നും പിടികൂടുന്ന ആനകളെ മെരുക്കാന്‍ വേണ്ടിയാണത്രേ ഈ കൂട് ഉപയോഗിച്ചിരുന്നത്.

ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ ഇനി കാട്ടിലൂടെ പോവാനുള്ള സൗകര്യമുണ്ട് പക്ഷേ സമയം അതിക്രമിച്ചതിനാല്‍ നമുക്ക് ഇന്ന് അവിടേക്ക് പോവാന്‍ സാധിക്കില്ല.


എന്തായാലും നമുക്ക് ഈ  നെടുങ്കയം യാത്ര ഇവിടെ അവസാനിപ്പിക്കാം.....!

യാത്ര വന്നവരെല്ലാം നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താന്‍ മറക്കരുതേ...!

Popular Posts