Monday, October 21, 2013

മദായിൻ സ്വാലിഹ് യാത്ര (സൗദി അറേബ്യ)


ഇന്ന് നമ്മള്‍ സന്ദര്‍ശിക്കാന്‍ പോവുന്നത് സൗദി അറേബ്യയിലെ മദീനക്കടുത്തുള്ള അല്‍ ഉലയിലില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മദായിന്‍ സ്വാലിഹ് എന്ന ചരിത്ര പ്രധാനമായ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പുരാതനമായ പാറമലകളുടെ പട്ടണത്തിലേക്കാണ്.

ആദ്യമായി മദായിന്‍ സ്വാലിഹിനെ കുറിച്ച് ഒരു ചെറു വിവരണം ആവശ്യമാണെന്ന് തോന്നുന്നുണ്ട്, കാരണം യാത്രക്കാരന്‍റെ ആകാംഷ എന്നത് സന്ദര്‍ശനം നടത്താന്‍ പോവുന്ന സ്ഥലത്തിനെ കുറിച്ചുള്ള ചെറിയ ഒരറിവാണ്‌..... .,

ഇസ്ലാമിക തീര്‍ഥാടന കേന്ദ്രമായ മദീനയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. 14 കിലോമീറ്ററോളം ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന വലുതും ചെറുതുമായ 132 പാറകള്‍ തുരന്നുണ്ടാക്കിയ ശവക്കല്ലറകളും വീടുകളും നമുക്കിവിടെ കാണാന്‍ സാധിക്കും.

പ്രവേശന ഭാഗങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന വലിയ ശവക്കല്ലറകള്‍ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടില്‍ നിര്‍മാണം നടന്നിട്ടുള്ളവയാണ്.

ഇവിടെ നില നിന്നിരുന്ന നബ്തിയന്‍ സംസ്കാരങ്ങളുടെ വാസ്തു ശില്‍പ്പ കലകളിലുള്ള നൈപുണ്യം പറഞ്ഞു തരുന്നതാണ് ഇവിടുത്തെ ഈ ദൃശ്യങ്ങള്‍.,

ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിയിട്ടുള്ള സൗദി അറേബ്യയിലെ  ഒരു സുപ്രധാന സ്ഥലമാണ് ഇവിടം.2008-ല്‍ ആയിരുന്നു ഈ പ്രദേശം യുനസ്കോയുടെ ഈ അംഗീകാരം കരസ്ഥമാക്കിയത്.

നാം യാത്ര ആരംഭിക്കുന്നത് സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവില്‍ നിന്നാണ്.

മുകളില്‍ കാണുന്നതാണ് യാമ്പു ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ റോഡ്‌...

യാമ്പുവില്‍ നിന്നും 389 കിലോമീറ്റര്‍ ദൂരമുണ്ട് ഏകദേശം 5-6 മണിക്കൂര്‍ യാത്ര
A എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് യാമ്പുവും
B എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് മദായിൻ സ്വാലിഹും ആണ്.
യാമ്പുവില്‍ നിന്നും പോവുന്ന വഴിക്ക് പഴയ വാഹനങ്ങള്‍ വില്‍ക്കുന്ന വിശാലമായി പരന്നുകിടക്കുന്ന ഒരു പഴയ വാഹന ചന്ത കണ്ടു മുകളില്‍ കാണുന്നത് അതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമേ ഉള്ളൂ.
യാത്ര പുറപ്പെട്ടു ഏകദേശം 60 കിലോ മീറ്ററുകള്‍ക്ക് ശേഷം ഇത് പോലുള്ള ചെറിയ ഗ്രാമങ്ങളും ഈന്തപന തോട്ടങ്ങളും കുന്നുകളും വലിയ മലകളും മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. മുകളില്‍ കാണുന്ന ആ ചെറിയ ഗ്രമത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന വെളുത്ത കെട്ടിടം പോലെ തോന്നിക്കുന്നത് അവിടുത്തെ ജലസംഭരണിയാണ്.
പിന്നീടുള്ള യാത്ര മരുഭൂമിയിലൂടെയുള്ള നീണ്ടു കിടക്കുന്ന റോഡുകളിലൂടെയായിരുന്നു . ചുറ്റും ചെറിയ കുന്നുകളും ഇലക്ട്രിക്‌ പോസ്റ്റുകളും മരുഭൂമിയില്‍ വളരുന്ന ഒരു തരം ചെടികളും മാത്രമേ കാണുന്നുള്ളൂ.

കുറെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ വഴിവക്കില്‍ ഉള്ള ഒരു ഈന്തപന തോട്ടത്തില്‍ സന്ദര്‍ശനം നടത്താന്‍ തോട്ടം സൂക്ഷിപ്പുകാരനായ ബംഗാള്‍ സ്വദേശിയില്‍ നിന്നും അനുവാദം വാങ്ങി അകത്തേക്ക് കയറി. നല്ല ഹൃദ്യമായ പെരുമാറ്റമുള്ള മനുഷ്യന്‍, ഞങ്ങളോട് തോട്ടം മുഴുവന്‍ ചുറ്റിയടിച്ചു കാണാന്‍ പറഞ്ഞു 18 വര്‍ഷമായി അദ്ദേഹം ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.
കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി തോട്ടത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു മോട്ടോര്‍ പാമ്പാണിത് ഞാന്‍ സൗദി അറേബ്യയില്‍ വന്നിട്ട് വെള്ളം എടുക്കുന്ന കിണര്‍ ആദ്യമായിട്ടു കാണുകയാണ് അതിന്‍റെ സന്തോഷത്താല്‍  കിണറിലേക്ക് നോക്കിയ എനിക്ക് അതിന്‍റെ ആഴം മനസ്സിലാക്കാന്‍ സാധിച്ചില്ല കാരണം അത്രയധികം താഴ്ച്ചയുണ്ടായിരുന്നു അതിന്.
 നമ്മള്‍ ഇപ്പോള്‍ കണ്ട കിണറ്റില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ഇത് പോലെയുള്ള ചെറിയ തോടുകളിലൂടെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.
തോട്ടത്തിന്‍റെ ഒരു വശത്ത് കൃഷി ചെയ്യുന്ന മൈലാഞ്ചി ചെടികള്‍..., 
ഇത് പോലെ പലതരത്തിലുള്ള ഇലവര്‍ഗങ്ങളിലുള്ള ഭക്ഷണയോഗ്യമായ സസ്സ്യങ്ങളും ഈ തോട്ടത്തില്‍ കൃഷി ചെയ്യുന്നുണ്ട് നമുക്ക് ഒരുപാട് യാത്ര ചെയ്യേണ്ടാതിനാലും സമയധിഷ്ടിതമായ ആസൂത്രണങ്ങളായാതിനാലും നമുക്ക് ഈ തോട്ടത്തില്‍ നിന്നും വിട പറയാം.
അദ്ദേഹത്തില്‍ നിന്നും ലഭിച്ച ഉണങ്ങിയ ഈന്തപഴങ്ങള്‍ കഴിച്ചു കൊണ്ടുള്ള യാത്ര തുടരുന്നതിനിടയില്‍ മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഒട്ടകം ഞങ്ങളുടെ പാതയ്ക്ക് കുറുകെ നടന്നു നീങ്ങുന്നത്‌ കണ്ടു. ഇത്രയധികം ദൂരം യാത്ര ചെയ്തിട്ടും ആദ്യമായാണ് ഒരു ഒട്ടകത്തെ ശ്രദ്ധയില്‍പെടുന്നത്.
യാത്രാമധ്യേ റോഡരികില്‍ കണ്ട ഒരു റാന്തല്‍ വിളക്കിന്‍റെ രൂപം. ഇവിടങ്ങളില്‍ ഇതുപോലുള്ള രൂപങ്ങള്‍ സര്‍വസാധാരണമാണ് ഈ രൂപങ്ങള്‍ നമുക്ക് വഴിയടയാളങ്ങളായി സഹായിക്കാറുമുണ്ട്.
വീണ്ടും കുറെ ദൂരം മരുഭൂമിയിലൂടെയുള്ള യാത്ര. കാഴ്ചകളെല്ലാം ആവര്‍ത്തന വിരസത വരുത്തുന്ന രീതിയില്‍ ഉള്ളതാണെങ്കിലും ഞങ്ങളുടെ ആകാംശാഭരിതമായ യാത്രയെ അത് തെല്ലും ബാധിച്ചില്ല. 
യാത്രികരെ സ്വാഗതം ചെയ്യുന്ന രീതിയില്‍ എഴുതിയ ഒരു വലിയ കമാനം റോഡിന് കുറുകേ നില്‍ക്കുന്നത് കാണാം. 
കുറച്ചു സമയത്തിനകം നമ്മള്‍ മദായിൻ സ്വാലിഹില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
അല്‍പ്പ സമയത്തിന് ശേഷം വീണ്ടും കണ്ണിനു കുളിര്‍മ്മയേകിക്കൊണ്ട് പച്ചപ്പ്‌ നിറഞ്ഞ വഴിത്താരകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.
ഇത്രയും ദൂരം സഞ്ചരിച്ചരിച്ചു കൊണ്ടിരുന്ന മരുഭൂമിയിലൂടെയുള്ള മലയോര പാതകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള മലകളെ മുന്നില്‍ കാണുന്നുണ്ട്. ആ കാണുന്നതാണ് മദായിൻ സ്വാലിഹ്. സമയം ഉച്ച തിരിഞ്ഞു ഇനി ഭക്ഷണം കഴിച്ചതിന് ശേഷമാവാം തുടര്‍ യാത്ര. 3.00 PM-ന് ശേഷമാണ് ഇനി ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുക എന്നാണ് അറിയാന്‍ കഴിഞ്ഞത്.
നമസ്കാര (പ്രാര്‍ത്ഥന) നിര്‍വാഹണതിന്ന് വേണ്ടി നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു മസ്ജിദില്‍ കയറി.
 മസ്ജിദിനു മുന്‍വശത്തെ വീടുകളെല്ലാം സാധാരണയായി സൌദിഅറേബ്യന്‍ നഗരങ്ങളില്‍ കാണുന്നത് പോലെയുള്ള വീടുകള്‍ തന്നെയാണ്.

ഭക്ഷണം കഴിക്കാന്‍ വേണ്ടി ഹോട്ടലില്‍ കയറി, അറേബ്യന്‍ ഭക്ഷണമായ മന്തിയായിരുന്നു നമുക്ക് വേണ്ടി തയ്യാറായി നിന്നിരുന്നത്.ആട്ടിറച്ചിയോ കോഴിയിറച്ചിയോ ഉപയോഗിച്ചുണ്ടാക്കുന്ന ബിരിയാണി പോലെയുള്ള ഒരു അറേബ്യന്‍ വിഭവമാണിത്.ഇതിന്‍റെ കൂടെ പലതരം പച്ചിലകളും കഴിക്കാന്‍ ലഭിക്കുന്നതാണ്.
ഇനി നമുക്ക് പ്രാധാന യാത്രാ ഉദ്ദേശമായ മദായിന്‍ സ്വാലിഹിന്‍റെ ഉള്ളറകളിലേക്കുള്ള തുടര്‍യാത്രയാണ്. മുകളില്‍ കാണുന്ന വഴിയിലൂടെയാണ് നമുക്ക് പോവേണ്ടത്.

റോഡിന്‍റെ വശങ്ങളില്‍ നിലകൊള്ളുന്ന പാറമലകള്‍ 

ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കുന്നതിന് വേണ്ടി പാതി നശിച്ച പഴയകാല വീടുകളെ സംരക്ഷിച്ചു നിലനിര്‍ത്തിയിരിക്കുന്നത് കാണാന്‍ കഴിഞ്ഞു. അതിന്‍റെ പിറകില്‍ ഒരു കോട്ട പോലെ നഗരത്തെ സംരക്ഷണ വലയത്തിലാക്കി പാറമലകള്‍ നിരന്നു നില്‍ക്കുന്നു.
ഇരുവശവും കൃഷിയിടങ്ങളും അതിനു പിറകില്‍ പാറമലകളും താണ്ടിയുള്ള യാത്ര ഒരു പുതിയ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
പാറ നഗരങ്ങളുടെ യാത്രമദ്ധ്യേ നമുക്ക് ഒരു പഴയകാല റെയില്‍വേ സ്റ്റേഷന്‍ കാണാം. ഹിജാസ് എന്നാണു ഇവിടം അറിയപ്പെടുന്നത്. 1908 കാലങ്ങളില്‍ മക്ക,മദീന നഗരങ്ങളെ തുര്‍ക്കിയിലെ ഇസ്താംബൂളുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായിരുന്നിത്. തുര്‍ക്കിയില്‍ നിന്നും സിറിയ,ജോര്‍ദാന്‍ വഴി സൌദിഅറേബ്യയില്‍ എത്തിച്ചേരുന്ന ഈ റെയില്‍പാതയ്ക്ക് 2241 കിലോ മീറ്റര്‍ നീളമുണ്ട്.ഓട്ടോമന്‍ ഭരണകാലത്ത് നിര്‍മിച്ച ഈ റെയില്‍ പാത ഒന്നാം ലോകയുദ്ധകാലത്താണ് തകര്‍ക്കപ്പെട്ടത്.
ഇതിനോട് കൂടിച്ചേര്‍ന്ന് ഒരു മ്യൂസിയവും പ്രവര്‍ത്തിക്കുന്നുണ്ട്.1900 മുതല്‍ 1908 വരെയുള്ള എട്ടു വര്‍ഷമെടുത്താണ് ഈ റെയില്‍ പാതകളുടെ നിര്‍മാണം പൂര്‍ത്തികരിച്ചത്.മദീനയിലേക്കുള്ള തീര്‍ഥാടനത്തിനായിരുന്നു ഈ പാത പ്രധാനമായും ഉപയോഗിച്ചിരുന്നത്.
മ്യൂസിയത്തിനകത്ത് കാണപ്പെട്ട ഒരു  പഴയകാല ട്രെയിന്‍ എഞ്ചിന്‍ 

ഒരുഭാഗത്ത് ചില്ലിട്ടു വെച്ചിരിക്കുന്ന ഓട്ടോമന്‍ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന തോല്‍ബാഗും ഓട്ടോമന്‍ നാണയങ്ങളും.

ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ചിത്രങ്ങളും.

പഴയകാല വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍

തീവണ്ടികള്‍ക്ക് ആവശ്യമുള്ള കല്‍ക്കാരികള്‍ സംഭരിച്ചു വെക്കാനുപയോഗിച്ചിരുന്ന അറ.

ഹിജാസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി മുമ്പോട്ട്‌ പോയ്ക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന പാത ഇരുവശങ്ങളിക്കുമായി പിരിഞ്ഞു പുതിയ രണ്ടു പാതകള്‍ രൂപപ്പെട്ടു. ഇടതു വശത്തേക്കുള്ള വഴിയിലൂടെയാണ് നമുക്ക് പോവേണ്ടത്.
കുറച്ചു മുമ്പ് വരെ നാം കണ്ടു കൊണ്ടിരുന്ന പാറകളുടെ അടുത്തെത്തിയപ്പോഴാണ് അതിന്‍റെ ഭീമാകാരത്വം ശരിക്കും മനസ്സിലാവുന്നത്.

പാറകള്‍ക്ക് കുറച്ചടുത്തു നിന്നുള്ള കാഴ്ച്ച.ഇഷ്ട്ടാനുസൃതം കാഴ്ചകള്‍ കാണേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. സന്ദര്‍ശകര്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ സൗകര്യം പോലെ ചുറ്റിയടിക്കാം. 
പാറയില്‍ കൊത്തിയെടുത്ത ഒരു വാതില്‍ 
അവരുപയോഗിച്ചിരിക്കുന്ന കൊത്തുപണികള്‍ എല്ലാം ഇന്നത്തെ കാലഘട്ടത്തില്‍ നിഷ്പ്രയാസം നിര്‍മ്മിക്കാമെങ്കിലും.യന്ത്രവല്‍കൃത ഉപകരണങ്ങള്‍ ഉപയോഗിക്കാതെയാണ് ഇവര്‍ ഇതിന്‍റെ നിര്‍മാണങ്ങള്‍ ചെയ്തിരിക്കുന്നതെന്നത്‌ ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്.
ദാ .. അവിടെ പാതിപൂര്‍ത്തിയാക്കിയ ഒരു വാതിലും കുറച്ചു ഉയരത്തില്‍ വേറൊരു വാതിലും കാണുന്നുണ്ട്. എല്ലാ വീടുകളുടെയും മുന്‍ഭാഗങ്ങള്‍ ഒരു പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവയുടെയെല്ലാം നിര്‍മ്മാണം.
ഇവിടെ ഒരു ഗോത്രത്തില്‍ പെട്ടവര്‍ക്ക് താമസിക്കാന്‍ വേണ്ടി മാത്രം ഒറ്റപാറയില്‍ തീര്‍ത്ത 15 വീടുകളും കാണാവുന്നതാണ്.
വാതിലിനു മുകളിലോട്ട് നോക്കിയാല്‍ സിംഹത്തിന്‍റെയും കഴുകന്‍റെയും മനുഷ്യന്‍റെയും രൂപങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്.ഇനി നമുക്ക് മുറിയുടെ ഉള്ളില്‍ കയറി നോക്കാം.
 ചുമരുകളില്‍ സാധനങ്ങള്‍ വെക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് നോക്കു.
 ചുമരുകള്‍ തുരന്നു ഉണ്ടാക്കിയ മുറികള്‍.ക്കുള്ളില്‍ ശവക്കല്ലറകള്‍ പോലെ തോന്നിപ്പിക്കുന്ന ഒരു ഭാഗം.
 ചുമര്‍ തുരന്ന് വേറൊരു മുറി നിര്‍മ്മിച്ചിരിക്കുന്നു 
 വിശ്രമ സ്ഥലമാണെന്ന് തോന്നിപ്പിക്കും വിധം ചുമരു തുരന്നുണ്ടാക്കിയ അറകള്‍.
ചുമരുകളില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിച്ചത് പോലെയുള്ള അറകള്‍,
നമ്മള്‍ അകത്തു കയറിയ മുറിയുടെ മുന്‍വശത്ത് കാണുന്ന വേറൊരു വലിയ പാറ. ഇനി നമുക്ക് പോവേണ്ടത് അങ്ങോട്ടാണ്.
നാം മുകളില്‍ കണ്ട പാറയിലേക്കുള്ള യാത്രാമദ്ധ്യേയുള്ള മറ്റൊരു പറ.

ഇപ്പോള്‍ നാം നില്‍ക്കുന്നത് നേരത്തെ കണ്ട പാറയുടെ മുന്‍വശത്താണ്.ഇതിലൂടെ ഉള്ളിലേക്ക് പോവാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു പാതയും കാണുന്നുണ്ട്.
ഇപ്പോള്‍ നാം കണ്ട പാറയുടെ വലതു വശത്ത് കൂടി കാണാന്‍ സാധിക്കുന്ന കാഴ്ച്ച.
ഒരുപാടാളുകള്‍ക്ക് ഒത്തുകൂടാന്‍ കഴിയുന്ന വിധത്തില്‍ പാറയില്‍ കൊത്തിയെടുത്ത സമ്മേളന സ്ഥലം. ഇവിടെയുള്ള എല്ലാത്തിനെ കുറിച്ചും വിശദമായി വിവരിക്കുന്ന രേഖകള്‍ ഇവിടത്തേക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ വളരെയേറെ സഹായകമാണ്.
ഇപ്പോള്‍ നാം നില്‍ക്കുന്നത് നേരത്തെ പാറകള്‍ക്കിടയിലൂടെ കണ്ട വിടവിനകത്താണ്. ഇതിലൂടെ കയറിയാല്‍ ഭീമാകാരമായ പാറയുടെ മുകളില്‍ എത്താം. വളരെയേറെ സാഹസികത നിറഞ്ഞതും കൌതുകകരമായതുമായ കാഴ്ചകള്‍ തന്നെയാണ് ഇവിടം നമുക്ക് വേണ്ടി ഒരുക്കിതന്നിരിക്കുന്നത്.
വിടവിനകത്ത് കൂടി അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ചുറ്റും സൂര്യപ്രകാശപൂരിതമായ സ്വര്‍ണനിറത്തിലുള്ള പാറകളാണ് നമ്മേ വരവേല്‍ക്കുന്നത്.



സമയം ഏകദേശം അഞ്ചു മണിയാവാറായിത്തുടങ്ങി നമുക്ക് തിരിച്ചു പോവേണ്ട സമയാമായിരിക്കുന്നു. 
തിരിച്ചു പോവുന്നതിനിടക്ക് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന രണ്ടു കിണറുകള്‍ കണ്ടു. 60-തോളം കിണറുകളില്‍ ഇപ്പോള്‍ ഈ രണ്ടു കിണറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ ,

ഒറ്റപാറയില്‍ തീര്‍ത്ത നിരവധി മുറികളുള്ള വേറൊരു പാറയും ശ്രദ്ധയില്‍പെട്ടു.
ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ച്ചകളെല്ലാം കാണാന്‍ സാധിച്ചു എന്നുള്ള വിശ്വാസത്തില്‍ നമുക്ക് നമുക്ക് മടക്കയാത്ര ആരംഭിക്കാം.

Popular Posts