Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

Friday, September 6, 2013

എന്‍റെ സ്വന്തം സൈക്കിള്‍


ഏകദേശം അഞ്ചാം ക്ലാസ്സില്‍ ആയിരുന്നപ്പോഴാണെന്ന് തോന്നുന്നു എന്‍റെ മനസ്സില്‍ സൈക്കിള്‍ എന്ന ആഗ്രഹം കലശമായത്. എന്നും സൈക്കിളില്‍ സ്കൂളില്‍ പോവുന്നതും സ്വപ്നം കണ്ടുറങ്ങിയ രാത്രികള്‍ കുട്ടികളുടെ മുന്‍പിലൂടെ അതില്‍ കയറി കുറച്ച് അഹങ്കാരത്തോടെ സവാരി ചെയ്യുന്നതെല്ലാം ആന്നത്തെ സ്വപ്നങ്ങളില്‍ നിത്യ സംഭവങ്ങളായിരുന്നു.

പക്ഷേ എന്‍റെ ആ ആഗ്രഹം എന്റേത് മാത്രമാക്കി ഞാന്‍ രാത്രിയിലുള്ള ഉറക്കത്തില്‍ മാത്രം സാവാരിക്കിറങ്ങുന്ന ഒരു രാത്രി സഞ്ചാരിയായിരുന്നു.

ഒരുപാട് യാത്രകള്‍ അതില്‍ ഞാന്‍ നടത്തിയിട്ടുണ്ട് തിരുവാലി മുതല്‍ നിലമ്പൂര്‍ വഴി വഴിക്കടവ് നാടുകാണി ചുരം കയറി വയനാട് വഴി കോഴിക്കോട് പിന്നെ നേരെ കൊണ്ടോട്ടി വഴി ഉമ്മാന്റെ വീട്ടിലെല്ലാം കയറി മഞ്ചേരി വഴിയോ അല്ലങ്കില്‍ അരീക്കോടിലൂടെ എടവണ്ണ വഴിയോ വീട്ടിലെത്തും അതും രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറു മണി ആവുമ്പോഴേക്കും.

നേരം വെളുക്കുമ്പോള്‍ അതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന അഞ്ചാം ക്ലാസ്സുകാരന്‍റെ സങ്കടം ആര് കാണാന്‍ കരച്ചില്‍ ആര് കേള്‍ക്കാന്‍....,

നേരം വെളുത്താല്‍ ഞാനും എന്‍റെ കൂട്ടുകാരന്‍ ആഷ്റഫും സ്കൂള്‍ യാത്രകളില്‍ ചര്‍ച്ച ചെയ്തിരുന്ന ഒരു പ്രധാന വിഷയവും ഇത് തന്നെയായിരുന്നു.

ആ സൈക്കിളും മനസ്സില്‍ കണ്ടു ഞാന്‍ പന്ത് കളി കണ്ടത്തില്‍ (Football ground) കടല വില്‍ക്കാനും ഏട്ടന്‍റെ കടയില്‍ കച്ചവടത്തിന് സഹായിക്കാനും  തുടങ്ങി. കടയില്‍ നിന്ന് കിട്ടുന്നതും കടല വിറ്റുണ്ടാക്കുന്നതും  മിച്ചം പിടിച്ച് ഞാന്‍ അവസാനം ഒരു പഴയ സൈക്കിള്‍ വാങ്ങി .

സത്യത്തില്‍ എന്‍റെ അഞ്ചാം ക്ലാസ്സില്‍ നിന്നും തുടങ്ങിയ  സ്വപ്നം യാഥാര്‍ഥ്യമായത് എട്ടാം ക്ലാസ്സില്‍ എത്തിയപ്പോഴായിരുന്നു ഏകദേശം മൂന്ന് മൂന്നര കൊല്ലം.

അങ്ങനെ അന്ന് മുതല്‍ ഞാനൊരു സൈക്കിള്‍ മുതലാളിയായി ഒരു അരവണ്ടിയുടെ മുതലാളി .

പിന്നെ കുറച്ചു കാലം അതിന്‍റെ മുകളില്‍ തന്നെയായിരുന്നു വെറുതെ എങ്ങോട്ടിന്നില്ലാതെ ചുറ്റലോ ചുറ്റല്‍.,

വെറുതെ ഓരോ അര മണിക്കൂര്‍ കഴിയുമ്പോഴും അതിന്‍റെ മുകളില്‍ ഒന്ന് കയറണം അല്ലങ്കില്‍ എന്തെന്നില്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ ആയിരുന്നു എനിക്ക്.

അങ്ങനെ ഒരിക്കല്‍ കടയില്‍ നില്‍ക്കുന്ന സമയം ഏകദേശം പത്തുമണി ആയിക്കാണും. ഏട്ടനോട് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ നേരെ വീട്ടിലേക്കു  പോയി.

വീട്ടില്‍ പോയി ചായ കുടിച്ച് നേരെ വീണ്ടും സൈക്കിളില്‍., അടുത്ത സവാരിക്ക് റോഡിലേക്കിറങ്ങി.

എന്നിട്ട് സര്‍ക്കസ്സില്‍ അഭ്യാസികള്‍ കാണിക്കുന്നത് പോലെ ഒന്ന് രണ്ടു ഐറ്റംസ് അതിനിടക്ക് ഒരു അപ്പൂപ്പന്‍ സൈക്കിളും കൊണ്ട് എന്‍റെ മുന്‍പിലൂടെ പോവുന്നുണ്ടായിരുന്നു. നേരെ സൈക്കിളുമായി അദ്ദേഹത്തിന്‍റെ പിറകില്‍ ചെന്ന്  രണ്ടു സൈടിലേക്കും ആട്ടി ആട്ടി സൈക്കിള്‍ ഓടിച്ചു കൊണ്ട് അദ്ദേഹത്തേ മറികടന്നു പോയി.

പെട്ടെന്ന് പിന്നില്‍ നിന്നൊരു നിലവിളി കേട്ട് കുറച്ച് കൂടി മുന്നോട്ട് പോയി  ബ്രേക്ക്‌ പിടിച്ചു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് എന്‍റെ മുന്‍പില്‍ പോയിരുന്ന അപ്പൂപ്പന്‍ സൈക്കിളിന്‍റെ അടിയില്‍ കിടക്കുന്നു.

എന്‍റെ ആട്ടി ആട്ടിയുള്ള സൈക്കിള്‍ ഓടിക്കലില്‍ എന്‍റെ സൈക്കിളിന്‍റെ സ്റ്റാന്റ് അപ്പൂപ്പന്‍റെ സൈക്കിളിന്‍റെ മുന്നിലത്തെ ടയറില്‍ ഉടക്കിയിരുന്നു

പിന്നെ ഞാനൊന്നും ആലോചിച്ചില്ല സൈക്കിള്‍ എടുത്തു കത്തിച്ചു വിട്ടു. കുറച്ചു ദൂരം കഴിഞ്ഞ് അപ്പൂപ്പന്‍ വീണു കിടന്നിരുന്ന റോഡിന്‍റെ കുറച്ച് അപ്പുറത്ത് പോയി നോക്കുമ്പോഴുണ്ട് കുറച്ചാളുകള്‍ അദ്ദേഹത്തേ എടുത്തു ഓട്ടോയില്‍ കയറ്റി കൊണ്ട് പോവുന്നു. സൈക്കിള്‍ വേറൊരാള്‍ ഓടിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു.

വൈകുന്നേരം ഏട്ടന്മാര്‍ അങ്ങേരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു വന്നതിന് ശേഷമാണ് അന്ന് ഉറങ്ങിയത്.

എന്തായാലും കുറച്ചു കാലത്തേക്ക് സൈക്കിള്‍ വീണ്ടും ഒരു സ്വപ്നം മാത്രമായി മാറ്റിയ സംഭവമായിരുന്നു അത്.

ചെറുപ്പത്തില്‍ നമ്മളെ സങ്കടപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്തിരുന്ന കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമ്പോള്‍ ഒരു തമാശയായി തോന്നാറുണ്ട് ..

ശരിയല്ലേ .. ?

എന്‍റെ സൈക്കിള്‍ യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു ഒരുപാട് പേടിപ്പെടുത്തലുകളും സങ്കടപ്പെടുത്തലുകളുമായി....

Sunday, September 1, 2013

രാജാവേ രണ്ടു വടയും ഒരു കാപ്പിയും..!


ഇതിന്‍റെ തലക്കെട്ട്‌ കാണുമ്പോള്‍ എന്തായാലും നിങ്ങള്‍ക്കൊരു സംശയം ഉണ്ടാവാതിരിക്കാന്‍ വഴിയില്ല എന്താണിത് ''രാജാവേ രണ്ടു വടയും ഒരു കാപ്പിയും'' അത് നിങ്ങള്‍ക്ക് വഴിയെ മനസ്സിലായിക്കൊള്ളും .

കഥ തുടങ്ങുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഉള്ള ഇന്ത്യന്‍ കോഫീ ഹൌസ് എന്നാ സ്ഥാപനത്തെ ചുറ്റി പറ്റിയാണ് .

മഞ്ചേരിയില്‍ സാധാരണക്കാരുടെ മുമ്പില്‍ ഒരു വലിയ സംഭവം ആയാണ് ഇന്ത്യന്‍ കോഫി ഹൌസിന്റെ ശാഖ തുറന്നത് , ചൂടുള്ള മസാല ദോശയും വടയും ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കൊതിയൂറുന്ന ഒരു തരം അനുഭൂതി

ഒരു ദിവസം പതിവ് പോലെ ഞാന്‍ കോഫി ഹൌസിലേക്ക് വെച്ച് പിടിച്ചു. അന്ന് ഒരു സംഭവം കൂടി എന്‍റെ കൂടെ ഉണ്ട് ഒരു പാവം കൂട്ടുകാരന്‍ ചെറുപ്പത്തില്‍ എന്‍റെ കൂടെ സ്കൂളില്‍ പഠിച്ചതായിരുന്നു.

ഞാന്‍ അവനേയും കൂടെ വിളിച്ചാണ് പോയത് അവന്‍ പഠിക്കുന്ന കാലം തൊട്ടേ ഒരു ബാലരമയും കൊണ്ടാണ് സ്കൂളില്‍ വരാറ് ഞങ്ങള്‍ അവനെ ബാലരമ എന്നാണ് വിളിച്ചിരുന്നത് വളര്‍ന്നപ്പോഴും അവന്‍റെ സ്വഭാവം പഴയത്പോലെ തന്നെയായിരുന്നു. അത് ചെറുതായൊന്ന് വേദനിപ്പിച്ചു കാലം മാറുമ്പോള്‍ കോലം മാറണം എന്നാ തത്ത്വം ഒന്ന് ഓര്‍ത്തു പോയി.

ഞാന്‍ അത്ര വല്ല്യ  സംഭവമൊന്നും ആയിട്ടല്ല, എന്നാലും എന്‍റെ കൂടെ ചെറുപ്പ കാലത്തുണ്ടായിരുന്ന ഒരു സൂഹൃത്തിനെ അങ്ങനെ കാണേണ്ടി വന്ന ഒരു സങ്കടം കാരണം അവന്‍റെ ഭാഗത്ത്‌ നിന്ന് ഞാന്‍ ഇങ്ങനെ ഒരു ജീവിതമല്ല പ്രതീക്ഷിച്ചിരുന്നത് ഇതെല്ലാം ഓര്‍ത്തു ഞാന്‍ നടന്നു കോഫി ഹൌസില്‍ എത്തി.

കോഫി ഹൌസിലെ സ്ഥിരം കസ്റ്റമറായ എനിക്ക് അവിടെ ഉള്ള ജോലിക്കാരുടെ സ്വീകരണം കുറച്ചു കൂടുതലായിരുന്നു ഞാനും വിട്ടു കൊടുക്കാറില്ല ഒരു വല്യ സംഭവം ആണെന്ന മട്ടിലായിരുന്നു എന്‍റെ അഭിനയവും .

ഓര്‍ഡര്‍ എടുക്കാന്‍ വേണ്ടി അവിടുത്തെ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ആള്‍ വന്നു എന്നോട് എന്താണ് വേണ്ടതെന്ന് ചോദിച്ചു ഞാന്‍ ഒരു മസാല ദോശയും ഒരു വടയും ഓര്‍ഡര്‍ ചെയ്തതിന് ശേഷം അവനോടു ചോദിച്ചു നിനക്കെന്താണ് വേണ്ടത്.

അപ്പോള്‍ അവന്‍ പറയുകയാ രാജാവേ എനിക്ക് രണ്ടു രണ്ടു വടയും ഒരു കാപ്പിയും മതി എന്ന് ഇത് കേട്ടതും അയാള്‍ എന്‍റെ മുഖത്തേക്ക് ഒരു നോട്ടം ഞാന്‍ അത് വരെ ഉണ്ടാക്കിയ സകല വിലയും ചീട്ടു കൊട്ടാരം കണക്കെ ഇടിഞ്ഞു തകര്‍ന്നു വീണു .

കഴിച്ചു കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ ഞങ്ങള്‍ എന്‍റെ ഓഫീസ് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഞാന്‍ അവനോടു ചോദിച്ചു നീ എന്തിനാ അയാളോട് അങ്ങനെ പറഞ്ഞത്.

അപ്പോള്‍ അവന്‍ പറയുകയാണ്‌ അയാളുടെ വേഷം കണ്ടപ്പോള്‍ അവനു ബാലരമയില്‍ ഉണ്ടായിരുന്ന വിക്രമാതിത്യനെ ഓര്‍മ്മ വന്നെന്ന് (ഇന്ത്യന്‍ കോഫി ഹൌസില്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വരുന്ന ആളുകളുടെ യൂണിഫോം കണ്ടാണ്‌ അവന്‍ അങ്ങനെ പറഞ്ഞത്,വെള്ള വസ്ത്രവും രാജാക്കന്മാരാനെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു വലിയ തൊപ്പിയും)

ഇത് പോലുള്ള ഒരു ചോദ്യം ഞാന്‍ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു അത് അവനെ കൊണ്ട് സാധിപ്പിച്ചത്തിന്റെ നിര്‍വൃതിയില്‍ ഞാനൊന്ന് ആശ്വസിച്ചു സത്യത്തില്‍ എന്‍റെ മനസ്സിലും ഉണ്ടായിരുന്നു ബാലരമയില്‍ ഉണ്ടായിരുന്ന വിക്രമാദിത്യന്റെ ആ രൂപം.

Sunday, August 25, 2013

അതിമോഹം വരുത്തിയ ആപത്ത്



ബസ് ഇറങ്ങി റോഡിന്‍റെ ഇടതു സൈഡിലൂടെ തീയേറ്റര്‍ ലക്ഷ്യമാക്കി നടന്നു സിനിമ തുടങ്ങാല്‍ ഇനിയും സമയമുണ്ട് എന്താ ചെയ്യാ എന്ന് വിചാരിച്ച് തീയേറ്ററിന്‍റെ ചുറ്റുപാടൊക്കെ കുറെ നേരം നോക്കി കണ്ടു പിന്നെ വേറെ ഒരു പ്രശ്നം കൂടിയുണ്ട് നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ ഭയങ്കര പ്രശ്നമായിരിക്കും വീട്ടിലറിയും ചീത്ത കിട്ടും എന്നെല്ലാം ആലോചിച്ചു തീയേറ്ററിന്‍റെ അടുത്തുള്ള മതിലില്‍ ചാരി നില്‍ക്കുമ്പോള്‍ ഒരാള്‍ ഗേറ്റിന്‍റെ അടുത്ത് വന്നു ഒരു ന്യൂസ് പേപ്പര്‍ നിലത്ത് വിരിക്കുന്നു. എന്താണ് പരിപാടി എന്നെനിക്ക് മനസ്സിലായില്ല.

ചിലപ്പോള്‍ വല്ല മാജിക്കുകാരനും ആയിരിക്കും എന്ന് വിചാരിച്ച് ഞാന്‍ അയാളെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു . അയാള്‍ മെല്ലെ ആ വിരിച്ച പേപ്പറില്‍ ഇരുന്നു എന്നിട്ട് കീശയില്‍ നിന്ന് മൂന്ന് നിറത്തിലുള്ള കോയിന്‍സുകള്‍ എടുത്തു പച്ച , മഞ്ഞ , ചുവപ്പ്..!

മെല്ലെ രണ്ടു പേര്‍ അയാളുടെ അടുത്തേക്ക് വന്നു എന്നിട്ട് കീശയില്‍ നിന്നും ഒരു അമ്പത് രൂപ എടുത്തു പച്ചയില്‍ വെച്ചു കോയിന്‍സ് എടുത്തു നോക്കിയതിന് ശേഷം അമ്പതു രൂപ വെച്ചയാള്‍ക്ക് നൂറു രൂപ കൊടുത്തു.

ങേ.. ഇത് കണ്ടതും ഞാന്‍ മെല്ലെ എന്‍റെ കീശയില്‍ ഒന്ന് കയ്യിട്ടു നോക്കി എന്‍റെ കീശയിലുള്ള കാശ് എന്‍റെ കയ്യില്‍ തന്നെയുണ്ട് മൊത്തം മുന്നൂറു രൂപ . എന്തായാലും അയാളുടെ അടുത്തൊന്നു പോയി നോക്കുക തന്നെ.

കുറച്ചു നേരം നോക്കി നിന്നു നല്ല രസം പച്ചയെ ഞാന്‍ മുസ്ലീം ലീഗായിട്ടും മഞ്ഞയെ ഭാരതിയ ജനതാ പാര്‍ട്ടിയായിട്ടും ചുവപ്പിനെ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയായിട്ടും എനിക്ക് തോന്നി എല്ലാ പാര്‍ട്ടികളും അയാളുടെ കയ്യിന്‍റെയും പേപ്പറിന്‍റെയും ഇടയില്‍ കിടന്ന് തലങ്ങും വിലങ്ങും  പായുന്നു. എല്ലാ പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് ഒരാള്‍ മാത്രം വളരെ നല്ലൊരു കാഴ്ച്ചയായിരുന്നു അത് .

അപ്പോള്‍ പിറകില്‍ നിന്ന് ഒരുത്തന്‍ പറയുന്നു "ചുവപ്പില്‍ വെക്ക് ചുവപ്പില്‍ വെക്ക്" രണ്ടാമതൊന്നും ഞാന്‍ ആലോചിച്ചില്ല ഉണ്ടായിരുന്ന മുന്നൂറ് രൂപയില്‍ നൂറു രൂപ എടുത്ത് ചുവപ്പിന്‍റെ മുകളില്‍ തന്നെ വെച്ചു.

രണ്ടു മൂന്നു മിനിട്ടുകള്‍ക്ക് ശേഷം അയാള്‍ പച്ച മെല്ലെ പൊക്കി ഒന്നുമില്ല മഞ്ഞ പൊക്കി അതിലും ഒന്നുമില്ല ദൈവമേ ചുവപ്പിന്‍റെ ഉള്ളിലും ഒന്നും ഉണ്ടാവില്ലേ ..?

അങ്ങനെ അയാള്‍ ചുവപ്പും പൊക്കി അതാ അതിന്‍റെ ഉള്ളില്‍ ഒരു വെള്ള നക്ഷത്രം അപ്പോള്‍ പിറകില്‍ നിന്നും ആരോ പറയുന്നുണ്ടായിരുന്നു ആ ചെക്കന്‍റെ ഒരു ഭാഗ്യമെന്ന്.

കീശയിലുള്ള മുന്നൂറ് രൂപയില്‍ നിന്നും നൂറ് രൂപ കിഴിച്ചാല്‍ ഇരുന്നൂറ് രൂപ കയ്യിലുള്ള പഴയ നൂറു രൂപയും ഇപ്പോള്‍ കിട്ടിയ നൂറു രൂപയും കൂടി ഇരുന്നൂറ് രൂപ കൊണ്ട് വന്നത് മുന്നൂറ് രൂപ ലാഭം നൂറ് രൂപ .

ഹ ഹ ഈ പരിപാടി കൊള്ളാലോ എന്തായാലും സിനിമ തുടങ്ങുമ്പോഴേക്കും കുറച്ച് ഉണ്ടാക്കിയിട്ട് തന്നെ കാര്യം.

ആലോചിച്ചു നില്‍ക്കുമ്പോഴേക്കും പിറകില്‍ നില്‍ക്കുന്ന ആള്‍ പറയുന്നത് കേട്ടു പച്ചയില്‍ വെക്ക് 
 ഞാനൊന്ന് തിരിഞ്ഞു നോക്കി നേരത്തെ എന്നോട് ചുവപ്പില്‍ വെക്കാന്‍ പറഞ്ഞ ആ പഴയ ചേട്ടന്‍ തന്നെ എനിക്ക് വേണ്ടി ദൈവം അയച്ചിട്ടുള്ള ആള്‍ വേറെ ഒന്നും ചിന്തിച്ചില്ല പച്ചയില്‍ കിട്ടിയ നൂറും കയ്യില്‍ ഉണ്ടായിരുന്ന നൂറും ടോട്ടല്‍ ഇരുന്നൂറ് അങ്ങട് വെച്ചു.

പിറകില്‍ നില്‍ക്കുന്ന ചേട്ടന്‍ എന്‍റെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു ഇതും നിനക്കുള്ളത് തന്നെ ഞാനൊരു ചെറു ചിരി സമ്മാനിച്ചു കൊണ്ട് പഴയ പോലെ കണക്കു കൂട്ടലുകള്‍ തുടങ്ങി.

അയാള്‍ ആദ്യം ചെയ്തത് പോലെ തന്നെ ഓരോന്നായി എടുത്തു പക്ഷേ രണ്ടാമതെടുത്ത ചുവപ്പില്‍ തന്നെയായിരുന്നു വീണ്ടും നക്ഷത്രം. ഞാന്‍ മെല്ലെ പിറകിലോട്ടൊന്ന് തിരിഞ്ഞു നോക്കി നമ്മടെ പഴയ ചേട്ടന്‍ അപ്പോഴും അവിടെ തന്നെയുണ്ട് "നിങ്ങളല്ലേ എന്നോട് പറഞ്ഞത് ഇത് എനിക്കുള്ളതാണെന്ന്" എന്ന് ഞാനെന്‍റെ മനസ്സില്‍ പറഞ്ഞു .

അത്ഭുതമെന്ന് പറയട്ടെ ഞാന്‍ മനസ്സില്‍ പറഞ്ഞത് ആ ചേട്ടന്‍ കേട്ട പോലെ എന്നോടുള്ള മറുപടി "കയ്യില്‍ വേറെ കാശില്ലേ പോയത് തിരിച്ച് പിടിച്ചിട്ട് പോയാല്‍ മതി" നിനക്ക് കിട്ടും തീര്‍ച്ച എനിക്ക് നിന്‍റെ കയ്യില്‍ വിശ്വാസമുണ്ട്.

ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി കീശയില്‍ ഇരുന്നൂറ് രൂപയുണ്ട് നഷ്ട്ടം നൂറു രൂപ അടുത്തതില്‍ ഇരുന്നൂറ് രൂപ കൂടി കിട്ടിയാല്‍ ടോട്ടല്‍ നാനൂറ് രൂപ അപ്പോള്‍ നൂറു രൂപ വീണ്ടും ലാഭം.

അതിനിടക്ക് നമ്മുടെ ആ ചേട്ടന്‍ പറയുന്നുണ്ട്  നിനക്ക് രാശി ചുവപ്പിലാ ചുവപ്പില്‍ ഇട്ടാല്‍ മതി. അങ്ങനെ ചുവപ്പില്‍ തന്നെ അവസാനത്തെ ഇരുന്നൂറ് രൂപയും ഇട്ടു. എന്ത് പറയാന്‍ അവാസാന പരീക്ഷണത്തിനും ഇട്ട കാശ് പോയി എന്ത് ചെയ്യണം എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍....."" .മുന്നില്‍ നിന്നും ഒരു ശബ്ദം " കയ്യില്‍ കാശില്ലങ്കില്‍ പിന്നെന്തിന്നാ ഇവിടെ വായും പൊളിച്ച് നില്‍ക്കുന്നത്".

അണ്ടി പോയ അണ്ണനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നമ്മുടെ ആ പഴയ മതിലിന്‍റെ അടുത്ത് പോയി നിന്ന് കൊണ്ട് അങ്ങോട്ട്‌ നോക്കി അപ്പോഴും നമ്മുടെ ആ പഴയ ചേട്ടന്‍ അവിടെ നിന്നു കൊണ്ട് വേറെ ഒരുത്തനെ കൊണ്ട് കളിപ്പിക്കുന്നു.

ഏകദേശം സിനിമ തുടങ്ങാന്‍ പതിനഞ്ചു മിനിട്ടുകള്‍ മാത്രമുള്ളപ്പോള്‍ അവിടെ ഒരു ഉന്തും തള്ളും നടക്കുന്നു എന്നോട് പണം വെക്കാന്‍ വേണ്ടി പറഞ്ഞ ആള്‍ മറ്റേ ആളുടെ ഷര്‍ട്ടില്‍ പിടിച്ചിരിക്കുന്നു. എന്നിട്ട് അയാള്‍ ഇരുന്നിരുന്ന ന്യൂസ് പേപ്പര്‍ വലിച്ചു കോയന്‍സുകള്‍ താഴെ വീണു കിടക്കുന്നു കളി നടത്തിയിരുന്ന ആളെ അടിച്ചോടിക്കുന്നു . എല്ലാം ശുഭം...!

താഴെ വീണു കിടന്നിരുന്ന കോയന്‍സുകള്‍ കളിക്കാന്‍ നിര്‍ദേശം തന്നിരുന്ന ആള്‍ എടുത്തു കീശയിലിട്ടു നടന്നു പോവുന്നു അയാള്‍ക്ക്‌ പിറകില്‍ ഞാനും നടന്നു എന്‍റെ കയ്യില്‍  വീട്ടിലേക്ക് പോവാനുള്ള കാശ് പോലുമില്ല .

എന്തായാലും നടക്കുക തന്നെ കുറച്ചു ദൂരം ചെന്നപ്പോള്‍ എന്‍റെ മുന്നില്‍ നടന്നിരുന്ന ആളുടെ അടുത്ത് ഒരു ഓട്ടോ വന്നു നിന്നു ഞാന്‍ അതിന്‍റെ അടുത്തൂ കൂടി നടന്നു പോവുന്നതിനിടയില്‍ ഓട്ടോയുടെ അകത്ത് നമ്മുടെ ആ കളി നടത്തിയിരുന്ന ആള്‍ ഇരിക്കുന്നു...!

പറഞ്ഞു വന്നത് എന്താണെന്നാല്‍ അതിമോഹം ആപത്താണ് എന്നും അതിമോഹത്താല്‍ ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഞാന്‍ അനുഭവിച്ചറിഞ്ഞു.

Wednesday, August 7, 2013

പെരുന്നാളിന്‍റെ ഓര്‍മയ്ക്ക്.




"അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ 
ലായിലാഹ ഇല്ലള്ളഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്"

ഇപ്പോഴും കാതില്‍ മുഴങ്ങുന്നു നാട്ടിലെ ആ തക്ബീര്‍ വിളി . എന്റെ ചെറുപ്പകാലം മുതലേ ഞാന്‍ എല്ലാ പെരുന്നാളിന്നും പള്ളിയില്‍ നിന്നും കേള്‍ക്കുന്ന എന്റെ എളാപ്പയുടെ (ഉപ്പയുടെ അനിയന്‍റെ) സ്വരം . പെരുന്നാള്‍ രാവിലെ തന്നെ പള്ളിയിലേക്ക് കുളിച്ചു പുതിയ വസ്ത്രമെല്ലാം ധരിച്ചു പോവുന്ന ഓര്‍മ്മകള്‍ (ഹും ) .

പെരുന്നാള്‍ പള്ളി കഴിഞ്ഞാല്‍ സാധാരണ പള്ളിയുടെ പിറകില്‍ തന്നെയുള്ള എന്റെ ഉപ്പാന്റെ തറവാട്ടില്‍ പോയി വല്ലതും കഴിക്കും വല്ലതും എന്ന് പറഞ്ഞാല്‍ നല്ല നെയ്ച്ചോറും കോഴിയും അല്ലങ്കില്‍ ബിരിയാണി (പക്ഷേ ഞാന്‍ നെയ്ച്ചോര്‍ മാത്രം കഴിക്കും അതാണെന്റെ വിധി പിന്നെ ബിരിയാണി ആണെങ്കില്‍ കഴിക്കുകയെ  ഇല്ല )

അത് കഴിഞ്ഞു നേരേ ഏട്ടന്മാരുടെ വീട്ടിലേക്കു പോവും ഓരോരുത്തരുടെ വീടുകളില്‍ പോയി വീട്ടില്‍ എത്തുമ്പോഴേക്കും ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ട് (12.30 pm ) കഴിയും  .

അപ്പോഴേക്കും വീട്ടിലേക്കു അടുത്തുള്ള വീട്ടുകാര്‍ എല്ലാം എത്താന്‍ തുടങ്ങും അവര് കഴിച്ചു കഴിയുമ്പോഴേക്കും എന്‍റെ  വാനരപ്പട ഓരോരുത്തരായി വന്നു കൊണ്ടിരിക്കും അതിനു ശേഷം ആണ് യുദ്ധം തുടങ്ങുന്നത് ( പെരുന്നാള്‍ ആയതു കൊണ്ട് നമുക്ക് ഇതിനെ ബദര്‍ യുദ്ധം എന്ന് വിളിക്കാം ) അതിനു ശേഷം ഞങ്ങള്‍ ഓരോരുത്തരുടെ വീടുകള്‍ ലക്ഷ്യമാക്കി പോവും ഏകദേശം വൈകുന്നേരം ആവുമ്പോഴേക്കും നിലംബുരിലേക്കോ അല്ലങ്കില്‍ ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള വല്ല സ്ഥലത്തേക്കോ പോവും .

പക്ഷേ കല്ല്യാണം കഴിഞ്ഞതിനു ശേഷം ഉച്ചക്ക് ശേഷമുള്ള കറക്കം ഇല്ലാതായി ആ കറക്കം അവളെയും കൊണ്ടായി എന്ന് മാത്രം പക്ഷേ അതിനും ഒരു രസമുണ്ട് നമുക്ക് കറങ്ങാന്‍ ഒരുപാട് കൂട്ടുകാര്‍ ഉണ്ട് പക്ഷേ അവള്‍ക്കു ഞാന്‍ മാത്രമേ ഉള്ളൂ.

ഞാന്‍ സൌദിഅറേബ്യയില്‍ വന്നിട്ടുള്ള ആദ്യത്തെ പെരുന്നാള്‍ ആണ് നാളെ എന്‍റെ  കൂട്ടുകാരുടെ കൂടെ നടക്കുന്നതിലും വലിയ നഷ്ട്ടബോധം തോന്നുന്നത് അവളുടെ കാര്യം ആലോചിക്കുമ്പോഴാണ് .

ഇത് തന്നെയാവും ഏതൊരു പ്രവാസിയുടെയും മനസ്സിലെ നൊമ്പരം  പഴയ ഒരു പഴംചെല്ല് ഓര്‍ക്കുമ്പോഴാണ് ഒരു സമാധാനം ഉള്ളത്  " ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാവൂ ".

" നല്ലൊരു നാളേക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാം". 

എല്ലാവര്‍ക്കും എന്‍റെ  ഈദ്‌ ആശംസകള്‍...

Popular Posts