Thursday, August 15, 2013

എന്‍റെ മനസ്സിലെ ബേപ്പൂര്‍ സുല്‍ത്താന്‍


ഞാന്‍ ആദ്യമായി മനസ്സിരുത്തി വായിച്ച നോവല്‍ ഏതെന്ന് ചോദിച്ചാല്‍ ഒരു സംശയവും ഇല്ലാതെ പറയാവുന്ന മറുപടിയാണ് നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍ എഴുതിയ "പാത്തുമ്മാന്‍റെ ആട്" എന്ന്. 

വായനയോടുള്ള അമിത പ്രിയം കൊണ്ടൊന്നും അല്ലായിരുന്നു അത് അന്ന് പത്താം ക്ലാസിലെ മലയാളം സെക്കന്റ് എന്നാ പാഠപുസ്തകത്തിലെ ഒരു അദ്ധ്യായവും പിന്നെ അന്നത്തെ ഞങ്ങളുടെ സ്കൂളിലെ നുള്ളല്‍ മാഷ്‌ എന്ന് ഞങ്ങള്‍ ഓമനപ്പേരില്‍ വിളിക്കുന്ന മാഷിന്‍റെ കയ്യില്‍ നിന്നും നുള്ള് കിട്ടാതിരിക്കാനും വേണ്ടി മാത്രം ഉള്ളതായിരുന്നു ആ വായന.

പക്ഷേ പിന്നീടുള്ള ജീവിത യാത്രകളില്‍ ഞാന്‍ അറിഞ്ഞു ബഷീര്‍ എന്ന മഹാനായ എഴുത്തുകാരന്‍ തന്‍റെ ആ രചനക്ക് ജീവന്‍ നല്‍കിയത് മാനസിക അസുഖതിനുള്ള ചികിത്സയില്‍ ആയിരിക്കുമ്പോഴായിരുന്നു എന്നുള്ള സത്യം ഞാന്‍ ഇപ്പോഴും അത്ഭുതത്തോടെ ചിന്തിക്കുന്ന ഒരു കാര്യമാണത്.

പാത്തുമ്മയുടെ ആട് എന്ന കഥ ഒരു ദൃക്സാക്ഷി വിവരണം പോലയാണ് ബഷീര്‍ നമ്മുടെ മുന്നില്‍ പറയുന്നത് അദ്ദേഹത്തിന്‍റെ ജന്മദേശമായ തലയോലപറമ്പാണ് ഈ നോവലിന്‍റെ കഥാ പശ്ചാത്തലം, ഈ കഥയില്‍ സ്ത്രീകളേയും കുട്ടികളേയും നാട്ടുകാരെയും അതിലുപരി മൃഗങ്ങളെയും പക്ഷികളേയും എല്ലാം ഉള്‍പ്പെടുത്തിയാണ് അദ്ധേഹം നമുക്ക് പറഞ്ഞു തരുന്നത് . ഇതില്‍ പ്രണയമില്ല ജീവിതത്തിന്‍റെ യാഥാര്‍ത്യങ്ങള്‍ മാത്രം എല്ലാവരും സാധാരണ മനുഷ്യര്‍ മാത്രം വില്ലന്മാരില്ല പച്ചയായ മനുഷ്യ മുഖങ്ങള്‍ മാത്രം.

നോവല്‍ പൂര്‍ത്തിയായതിനു ശേഷം അഞ്ച് (5) വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കുന്ന സമയത്ത് പുനഃപരിശോധനയോ പകര്‍ത്തി എഴുതി ഭംഗിയാക്കുകയോ ചെയ്യാതെ എഴുതിയത് പോലെ തന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു.


(കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള പാത്തുമ്മയുടെ ആടിന്‍റെ പ്രതിമ )

കുടുംബത്തിന്‍റെ വളര്‍ച്ചക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു സ്ത്രീയായ പാത്തുമ്മ എന്ന ബഷീറിന്‍റെ സഹോദരിമാരില്‍ മൂത്ത ആളും അവരുടെ ആടും ആണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചിട്ടുള്ളത്.

(പാത്തുമ്മ )

മകള്‍ ഖദീജയ്ക്കും മരുമകന്‍ ഷംസുദീനും കൂടെ താമസിക്കുകയായിരുന്ന പാത്തുമ്മയെ തൊണ്ണൂറ്റി ഒന്നാം (91) വയസ്സില്‍ പ്രായാധിക്യം മൂലമുള്ള അസുഖം കാരണം  മുട്ടിച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അവിടെ വെച്ച് തന്നെ ഈ ലോകത്തോട്‌ വിട പറയുകയും ചെയ്തു.

1908-ജനുവരി-21ന് കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ പെട്ട തലയോലപറമ്പ് എന്ന ഗ്രാമത്തില്‍ പിതാവ് കായി അബ്ദുറഹ്മാന്‍റെയും മാതാവ് കുഞ്ഞാത്തുമ്മയുടേയും മകനായി  ഭൂജാതനായ ബഷീര്‍ പ്രാഥമിക വിദ്യാഭ്യാസം തലയോലപറമ്പിലെ മലയാളം വിദ്യാലയത്തിലും വൈക്കം  ആംഗലഭാഷ (English) വിദ്യാലയത്തിലും ആണ് നിര്‍വഹിച്ചത്.

സ്വാതന്ത്ര്യ സമരവുമായി ബന്ധപെട്ട് കോഴിക്കോട് വന്ന ഗാന്ധിജിയെ കാണാന്‍ വേണ്ടി സ്കൂള്‍  പഠനകാലത്ത് വീട്ടില്‍ നിന്നും ഒളിച്ചോടി ഇതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിതിരിവിന് കാരണമായത്. തലയോലപറമ്പ് മുതല്‍ എറണാകുളം വരെ കാല്‍ നടയായി പോയ ബഷീര്‍ അവിടെ നിന്ന് കള്ളവണ്ടി കയറി കോഴിക്കോട്ടെത്തി ഇതായിരുന്നു ബഷീറിന്‍റെ സ്വാതന്ത്ര്യ സമരാരമ്പം. പിന്നീട്1930-ല്‍ കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പിടികൂടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി അദ്ധേഹം ഭഗത് സിംഗ് മാതൃകയില്‍ ഒരു തീവ്രവാദ സംഘമുണ്ടാക്കി. അതിന് വേണ്ടി എഴുതിയ ലേഖനങ്ങളാണ് അദ്ദേഹത്തിന്‍റെ ആദ്യകാലകൃതികള്‍ . ഈ തീവ്രവാദ സംഘടനയുടെ "ഉജ്ജീവനം" എന്ന മുഖപത്രത്തില്‍ "പ്രഭ" എന്നതൂലിക നാമത്തില്‍  ആയിരുന്നു അദ്ദേഹംഎഴുതിയിരുന്നത്.

ഈ വാരിക പിന്നീട് ബ്രിട്ടീഷ് ഭരണകൂടം കണ്ടു കെട്ടിയതിനെ തുടര്‍ന്ന്  ഇന്ത്യ മുഴുവനും കറങ്ങുകയും അതിനിടയില്‍ ഒരുപാട് ജോലികളും വേഷങ്ങളും അദ്ദേഹതിന്ന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട് . കൂടാതെ അറേബ്യന്‍ നാടുകളിലും ആഫ്രിക്കയിലുമായി ഒമ്പത് (9) വര്‍ഷത്തോളം സഞ്ചരിക്കുകയും ഒരുപാട് ഭാഷകള്‍ സ്വായത്തമാക്കുകയും ഒരുപാട് ആളുകളുമായി ഇടപഴകുകയും ഒരുപാട് ജീവിതങ്ങള്‍ നേരില്‍ കാണുകയും ചെയ്തു. ഇതാണ് ഇദ്ദേഹത്തിന്‍റെ രചനകളുടെ ജീവനും. ലോക സഞ്ചാരത്തിനിടയില്‍ താന്‍ കണ്ട സത്യങ്ങള്‍ ഇദ്ദേഹത്തിന്‍റെ രചനകളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.
(ഫാബി ബഷീര്‍ )

അരീക്കോടുള്ള കോയക്കുട്ടി മാസ്റ്ററുടെയും തോണ്ടിയില്‍ ഖദീജയുടേയും മകളായ ഫാബി 1958-ഡിസംബർ-18 ന് ഇദ്ദേഹത്തിന്‍റെ ജീവിത സഖിയായി വരികയും ചെയ്തു.

1994- ജൂലൈ-5 ന് ആ മഹാനായ കലാകാരന്‍ നമ്മില്‍ നിന്നും വിട പറഞ്ഞു.

"  ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. 
ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. 
എന്തെങ്കിലും തെറ്റു ചെയ് തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം."  
(വൈക്കം മുഹമ്മദ്‌ ബഷീര്‍)

6 comments:

 1. ആ ഭാഷ ,ആ എഴുത്ത്....ആള്‍ക്കു മാത്രം സ്വന്തം.

  ReplyDelete
  Replies
  1. അതെ അനീഷ്‌ ഭായ്.

   താങ്കളുടെ അഭിപ്രായത്തിന് നന്ദി

   Delete
 2. ബഷീറിന്റെ മിക്ക കഥകളും വായിച്ചിട്ടുണ്ട്.
  എന്നാലും ഇക്കുറി നാട്ടില്‍ എത്തുമ്പോള്‍, സമ്പൂര്ണ കൃതികള്‍ ഒരെണ്ണം വാങ്ങണം. വളരെ നാളത്തെ ആഗ്രഹമാണ്.
  വായിച്ചതില്‍ ഇഷ്ടം ബാല്യകാലസഖി തെന്നെ.

  ReplyDelete
  Replies
  1. ബാല്യകാല സഖിയില്‍ മജീദിന്‍റെ തിരിച്ചു വരവിന് ശേഷം വീണ്ടും കണ്ടു മുട്ടിയ മജീദും സുഹറയും തമ്മിലുള്ള ആ സംഭാഷണം മറക്കാന്‍ കഴിയില്ല അത്രയ്ക്കും മനസ്സില്‍ തട്ടിയിട്ടുണ്ടത്..!

   "ഞാന്‍ ഒരിക്കലും തിരിച്ച് വരില്ല എന്നാണ് കരുതിയത് അല്ലെ"

   Delete
 3. ബഷീറിന്റെ രേഖാചിത്രത്ത്തില്‍ നിന്ന് പേര് മായിച്ചു കളയണ്ടായിരുന്നു. ഞാന്‍ വരച്ച ചിത്രമാണത്.

  ReplyDelete
  Replies
  1. സൂഹൃത്തെ താങ്കള്‍ വരച്ച ചിത്രത്തില്‍ നിന്നും പേര് താങ്കളുടെ പേര് മാറ്റിയതില്‍ ക്ഷമ ചോദിക്കുന്നു.

   താങ്കള്‍ക്ക് ആ ചിത്രം ഒന്ന് കൂടി അയച്ചു തരാന്‍ കഴിയുമെങ്കില്‍ ഞാന്‍ അത് മാറ്റി പോസ്റ്റ്‌ ചെയ്യാം. താങ്കള്‍ക്ക് വിഷമം ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു.

   സ്നേഹത്തോടെ റിയാസ് നെച്ചിയന്‍.

   Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts