Saturday, August 31, 2013

മരണം മടക്കമില്ലാത്ത യാത്രയോ അതോ അവസാനമോ


മരണത്തിന്‍റെ മുന്നില്‍ ലോകത്തുള്ള സകല ജീവജാലങ്ങളും ഒരുപോലെയാണ് ഒരു പക്ഷേ ഒരു ജീവന്‍ മറ്റൊരു ജീവന്‍ നില നില്‍ക്കാന്‍ വേണ്ടിയുള്ളതാണോ എന്ന് പോലും സംശയം തോന്നിയിട്ടുള്ള ഒരുപാട് നിമിഷങ്ങള്‍  അത് വിശപ്പിന്ന് വേണ്ടിയിട്ടായാലും സ്വയരക്ഷക്ക് വേണ്ടിയിട്ടുള്ളതായാലും നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് നേരിട്ടോ അല്ലാതേയോ കാണേണ്ടി വന്നിട്ടുള്ളവരാകും നമ്മളില്‍ പലരും.

ഓരോ ജീവജാലവും ജനിക്കും മരിക്കും മരണ ശേഷം അതില്‍ ചിലര്‍ ഓര്‍മ്മകളായി നില നില്‍ക്കും ചിലര്‍ എന്നന്നേക്കുമായി ഓര്‍മ്മകളില്‍ നിന്നും ഭൂമിയില്‍ നിന്നും ഇല്ലാതാവുകയും ചെയ്യും.

മരണം അതൊരു വളരെ രസകരമായ ഒരു അവസ്ഥ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത് എന്താണതിന്‍റെ രുചി എന്നറിയാനുള്ള ഒരു ആകാംഷയും.

"ഞാന്‍ മരിക്കുമെന്ന് എനിക്കറിയാം പക്ഷേ ഞാന്‍ മരിച്ചത് ഞാനറിയുമോ..?,,

ഞാന്‍ ഒരുപാട് ആളുകളുമായിട്ട് മരണമെന്ന വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട് പക്ഷേ എന്തൊക്കെയായാലും മതപരമായ രീതിയില്‍ അല്ലാതെ മരണത്തെ നോക്കി കാണുമ്പോള്‍ എനിക്ക് ഇതുവരെ വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.

മതപരമായി പറയുകയാണെങ്കില്‍ മരണമെന്നത്‌ വേദനാജനകവും മരണ ശേഷം നരകം സ്വര്‍ഗ്ഗം എന്നിങ്ങനെ രണ്ട് സ്ഥലങ്ങള്‍ ഉണ്ടെന്നും അവിടെ ഈ തുച്ഛമായ കാലം ഭൂമിയില്‍ നല്ല രീതിയില്‍ ദൈവത്തില്‍ വിശ്വസിച്ച് ജീവിച്ചവര്‍ക്ക് സ്വര്‍ഗ്ഗത്തിലും അല്ലാത്തവര്‍ക്ക് നരകത്തിലും ആയിരിക്കും പിന്നീടുള്ള ജീവിതമെന്നും.

പക്ഷേ എല്ലാ മതക്കാരും പറയുന്ന ഒരു കാര്യമാണ് അവരുടെ മതക്കാരും അവരുടെ ദൈവവും അവര്‍ക്ക് വേണ്ടി ദൈവം ഉണ്ടാക്കിയിട്ടുള്ള സ്വര്‍ഗ്ഗവും അപ്പോള്‍ മറ്റുള്ള മതക്കാര്‍ക്കും അവരുടെ ദൈവങ്ങള്‍ ഇത് പോലെ സ്വര്‍ഗ്ഗവും നരകവുമെല്ലാം ഉണ്ടാക്കിയിട്ടുണ്ടാവുമല്ലോ.

അങ്ങെനെയെങ്കില്‍ ആരെ പിടിച്ചു സ്വര്‍ഗത്തിലിടും ഒരു ദൈവത്തിന്‍റെ വിശ്വാസികള്‍ മറ്റുള്ള ദൈവങ്ങളുടെ കണ്ണില്‍ നരകത്തില്‍ താമസിക്കേണ്ടവരല്ലേ.

എന്തായാലും കാത്തിരുന്ന് കാണാം അല്ലെ ..!


''മരണമേ നിനക്ക് മുന്നില്‍ ഞാന്‍ അര്‍പ്പിക്കുന്നു ചുടു ചോര നിറമുള്ള റോസാ പുഷ്പങ്ങള്‍ ''

മരണമണി മുഴങ്ങുമ്പോഴും ഓര്‍ക്കുന്നില്ല ഒരാളും 

മരണം എന്നാ സത്യം തനിക്കും ഉണ്ടെന്ന്

അതോരിക്കല്‍ തനിക്കു വേണ്ടിയും മുഴങ്ങുമെന്ന്

ഒരിക്കലെങ്കിലും ഓര്‍ത്താല്‍ ചെയ്യുമോ തെറ്റ് വല്ലതും ജീവിതത്തില്‍ 

മരണം വരുമെന്ന ചിന്തയില്‍ ജീവിച്ചിട്ടു കാര്യമില്ല 

മരണം അതാണ്‌ നല്ലതെന്നു തോന്നിയിട്ടും കാര്യമില്ല

മരിക്കാതെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന്  
തോന്നുന്ന നിമിഷത്തില്‍

മരണത്തെ പഴിച്ചിട്ട് കാര്യമൊന്നും ഇല്ലതാനും ......!
.
.
.
.
.
.
സത്യത്തില്‍ ജനിച്ചതാണോ തെറ്റ് ....?

ഓര്‍ക്കുക: മതവും ദൈവവും ഏതായാലും മരണം മടക്കമില്ലാത്ത ഒരു യാത്രയോ അവസാനമോ ആണ്.

Sunday, August 25, 2013

അതിമോഹം വരുത്തിയ ആപത്ത്ബസ് ഇറങ്ങി റോഡിന്‍റെ ഇടതു സൈഡിലൂടെ തീയേറ്റര്‍ ലക്ഷ്യമാക്കി നടന്നു സിനിമ തുടങ്ങാല്‍ ഇനിയും സമയമുണ്ട് എന്താ ചെയ്യാ എന്ന് വിചാരിച്ച് തീയേറ്ററിന്‍റെ ചുറ്റുപാടൊക്കെ കുറെ നേരം നോക്കി കണ്ടു പിന്നെ വേറെ ഒരു പ്രശ്നം കൂടിയുണ്ട് നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ ഭയങ്കര പ്രശ്നമായിരിക്കും വീട്ടിലറിയും ചീത്ത കിട്ടും എന്നെല്ലാം ആലോചിച്ചു തീയേറ്ററിന്‍റെ അടുത്തുള്ള മതിലില്‍ ചാരി നില്‍ക്കുമ്പോള്‍ ഒരാള്‍ ഗേറ്റിന്‍റെ അടുത്ത് വന്നു ഒരു ന്യൂസ് പേപ്പര്‍ നിലത്ത് വിരിക്കുന്നു. എന്താണ് പരിപാടി എന്നെനിക്ക് മനസ്സിലായില്ല.

ചിലപ്പോള്‍ വല്ല മാജിക്കുകാരനും ആയിരിക്കും എന്ന് വിചാരിച്ച് ഞാന്‍ അയാളെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു . അയാള്‍ മെല്ലെ ആ വിരിച്ച പേപ്പറില്‍ ഇരുന്നു എന്നിട്ട് കീശയില്‍ നിന്ന് മൂന്ന് നിറത്തിലുള്ള കോയിന്‍സുകള്‍ എടുത്തു പച്ച , മഞ്ഞ , ചുവപ്പ്..!

മെല്ലെ രണ്ടു പേര്‍ അയാളുടെ അടുത്തേക്ക് വന്നു എന്നിട്ട് കീശയില്‍ നിന്നും ഒരു അമ്പത് രൂപ എടുത്തു പച്ചയില്‍ വെച്ചു കോയിന്‍സ് എടുത്തു നോക്കിയതിന് ശേഷം അമ്പതു രൂപ വെച്ചയാള്‍ക്ക് നൂറു രൂപ കൊടുത്തു.

ങേ.. ഇത് കണ്ടതും ഞാന്‍ മെല്ലെ എന്‍റെ കീശയില്‍ ഒന്ന് കയ്യിട്ടു നോക്കി എന്‍റെ കീശയിലുള്ള കാശ് എന്‍റെ കയ്യില്‍ തന്നെയുണ്ട് മൊത്തം മുന്നൂറു രൂപ . എന്തായാലും അയാളുടെ അടുത്തൊന്നു പോയി നോക്കുക തന്നെ.

കുറച്ചു നേരം നോക്കി നിന്നു നല്ല രസം പച്ചയെ ഞാന്‍ മുസ്ലീം ലീഗായിട്ടും മഞ്ഞയെ ഭാരതിയ ജനതാ പാര്‍ട്ടിയായിട്ടും ചുവപ്പിനെ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയായിട്ടും എനിക്ക് തോന്നി എല്ലാ പാര്‍ട്ടികളും അയാളുടെ കയ്യിന്‍റെയും പേപ്പറിന്‍റെയും ഇടയില്‍ കിടന്ന് തലങ്ങും വിലങ്ങും  പായുന്നു. എല്ലാ പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് ഒരാള്‍ മാത്രം വളരെ നല്ലൊരു കാഴ്ച്ചയായിരുന്നു അത് .

അപ്പോള്‍ പിറകില്‍ നിന്ന് ഒരുത്തന്‍ പറയുന്നു "ചുവപ്പില്‍ വെക്ക് ചുവപ്പില്‍ വെക്ക്" രണ്ടാമതൊന്നും ഞാന്‍ ആലോചിച്ചില്ല ഉണ്ടായിരുന്ന മുന്നൂറ് രൂപയില്‍ നൂറു രൂപ എടുത്ത് ചുവപ്പിന്‍റെ മുകളില്‍ തന്നെ വെച്ചു.

രണ്ടു മൂന്നു മിനിട്ടുകള്‍ക്ക് ശേഷം അയാള്‍ പച്ച മെല്ലെ പൊക്കി ഒന്നുമില്ല മഞ്ഞ പൊക്കി അതിലും ഒന്നുമില്ല ദൈവമേ ചുവപ്പിന്‍റെ ഉള്ളിലും ഒന്നും ഉണ്ടാവില്ലേ ..?

അങ്ങനെ അയാള്‍ ചുവപ്പും പൊക്കി അതാ അതിന്‍റെ ഉള്ളില്‍ ഒരു വെള്ള നക്ഷത്രം അപ്പോള്‍ പിറകില്‍ നിന്നും ആരോ പറയുന്നുണ്ടായിരുന്നു ആ ചെക്കന്‍റെ ഒരു ഭാഗ്യമെന്ന്.

കീശയിലുള്ള മുന്നൂറ് രൂപയില്‍ നിന്നും നൂറ് രൂപ കിഴിച്ചാല്‍ ഇരുന്നൂറ് രൂപ കയ്യിലുള്ള പഴയ നൂറു രൂപയും ഇപ്പോള്‍ കിട്ടിയ നൂറു രൂപയും കൂടി ഇരുന്നൂറ് രൂപ കൊണ്ട് വന്നത് മുന്നൂറ് രൂപ ലാഭം നൂറ് രൂപ .

ഹ ഹ ഈ പരിപാടി കൊള്ളാലോ എന്തായാലും സിനിമ തുടങ്ങുമ്പോഴേക്കും കുറച്ച് ഉണ്ടാക്കിയിട്ട് തന്നെ കാര്യം.

ആലോചിച്ചു നില്‍ക്കുമ്പോഴേക്കും പിറകില്‍ നില്‍ക്കുന്ന ആള്‍ പറയുന്നത് കേട്ടു പച്ചയില്‍ വെക്ക് 
 ഞാനൊന്ന് തിരിഞ്ഞു നോക്കി നേരത്തെ എന്നോട് ചുവപ്പില്‍ വെക്കാന്‍ പറഞ്ഞ ആ പഴയ ചേട്ടന്‍ തന്നെ എനിക്ക് വേണ്ടി ദൈവം അയച്ചിട്ടുള്ള ആള്‍ വേറെ ഒന്നും ചിന്തിച്ചില്ല പച്ചയില്‍ കിട്ടിയ നൂറും കയ്യില്‍ ഉണ്ടായിരുന്ന നൂറും ടോട്ടല്‍ ഇരുന്നൂറ് അങ്ങട് വെച്ചു.

പിറകില്‍ നില്‍ക്കുന്ന ചേട്ടന്‍ എന്‍റെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു ഇതും നിനക്കുള്ളത് തന്നെ ഞാനൊരു ചെറു ചിരി സമ്മാനിച്ചു കൊണ്ട് പഴയ പോലെ കണക്കു കൂട്ടലുകള്‍ തുടങ്ങി.

അയാള്‍ ആദ്യം ചെയ്തത് പോലെ തന്നെ ഓരോന്നായി എടുത്തു പക്ഷേ രണ്ടാമതെടുത്ത ചുവപ്പില്‍ തന്നെയായിരുന്നു വീണ്ടും നക്ഷത്രം. ഞാന്‍ മെല്ലെ പിറകിലോട്ടൊന്ന് തിരിഞ്ഞു നോക്കി നമ്മടെ പഴയ ചേട്ടന്‍ അപ്പോഴും അവിടെ തന്നെയുണ്ട് "നിങ്ങളല്ലേ എന്നോട് പറഞ്ഞത് ഇത് എനിക്കുള്ളതാണെന്ന്" എന്ന് ഞാനെന്‍റെ മനസ്സില്‍ പറഞ്ഞു .

അത്ഭുതമെന്ന് പറയട്ടെ ഞാന്‍ മനസ്സില്‍ പറഞ്ഞത് ആ ചേട്ടന്‍ കേട്ട പോലെ എന്നോടുള്ള മറുപടി "കയ്യില്‍ വേറെ കാശില്ലേ പോയത് തിരിച്ച് പിടിച്ചിട്ട് പോയാല്‍ മതി" നിനക്ക് കിട്ടും തീര്‍ച്ച എനിക്ക് നിന്‍റെ കയ്യില്‍ വിശ്വാസമുണ്ട്.

ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി കീശയില്‍ ഇരുന്നൂറ് രൂപയുണ്ട് നഷ്ട്ടം നൂറു രൂപ അടുത്തതില്‍ ഇരുന്നൂറ് രൂപ കൂടി കിട്ടിയാല്‍ ടോട്ടല്‍ നാനൂറ് രൂപ അപ്പോള്‍ നൂറു രൂപ വീണ്ടും ലാഭം.

അതിനിടക്ക് നമ്മുടെ ആ ചേട്ടന്‍ പറയുന്നുണ്ട്  നിനക്ക് രാശി ചുവപ്പിലാ ചുവപ്പില്‍ ഇട്ടാല്‍ മതി. അങ്ങനെ ചുവപ്പില്‍ തന്നെ അവസാനത്തെ ഇരുന്നൂറ് രൂപയും ഇട്ടു. എന്ത് പറയാന്‍ അവാസാന പരീക്ഷണത്തിനും ഇട്ട കാശ് പോയി എന്ത് ചെയ്യണം എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍....."" .മുന്നില്‍ നിന്നും ഒരു ശബ്ദം " കയ്യില്‍ കാശില്ലങ്കില്‍ പിന്നെന്തിന്നാ ഇവിടെ വായും പൊളിച്ച് നില്‍ക്കുന്നത്".

അണ്ടി പോയ അണ്ണനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നമ്മുടെ ആ പഴയ മതിലിന്‍റെ അടുത്ത് പോയി നിന്ന് കൊണ്ട് അങ്ങോട്ട്‌ നോക്കി അപ്പോഴും നമ്മുടെ ആ പഴയ ചേട്ടന്‍ അവിടെ നിന്നു കൊണ്ട് വേറെ ഒരുത്തനെ കൊണ്ട് കളിപ്പിക്കുന്നു.

ഏകദേശം സിനിമ തുടങ്ങാന്‍ പതിനഞ്ചു മിനിട്ടുകള്‍ മാത്രമുള്ളപ്പോള്‍ അവിടെ ഒരു ഉന്തും തള്ളും നടക്കുന്നു എന്നോട് പണം വെക്കാന്‍ വേണ്ടി പറഞ്ഞ ആള്‍ മറ്റേ ആളുടെ ഷര്‍ട്ടില്‍ പിടിച്ചിരിക്കുന്നു. എന്നിട്ട് അയാള്‍ ഇരുന്നിരുന്ന ന്യൂസ് പേപ്പര്‍ വലിച്ചു കോയന്‍സുകള്‍ താഴെ വീണു കിടക്കുന്നു കളി നടത്തിയിരുന്ന ആളെ അടിച്ചോടിക്കുന്നു . എല്ലാം ശുഭം...!

താഴെ വീണു കിടന്നിരുന്ന കോയന്‍സുകള്‍ കളിക്കാന്‍ നിര്‍ദേശം തന്നിരുന്ന ആള്‍ എടുത്തു കീശയിലിട്ടു നടന്നു പോവുന്നു അയാള്‍ക്ക്‌ പിറകില്‍ ഞാനും നടന്നു എന്‍റെ കയ്യില്‍  വീട്ടിലേക്ക് പോവാനുള്ള കാശ് പോലുമില്ല .

എന്തായാലും നടക്കുക തന്നെ കുറച്ചു ദൂരം ചെന്നപ്പോള്‍ എന്‍റെ മുന്നില്‍ നടന്നിരുന്ന ആളുടെ അടുത്ത് ഒരു ഓട്ടോ വന്നു നിന്നു ഞാന്‍ അതിന്‍റെ അടുത്തൂ കൂടി നടന്നു പോവുന്നതിനിടയില്‍ ഓട്ടോയുടെ അകത്ത് നമ്മുടെ ആ കളി നടത്തിയിരുന്ന ആള്‍ ഇരിക്കുന്നു...!

പറഞ്ഞു വന്നത് എന്താണെന്നാല്‍ അതിമോഹം ആപത്താണ് എന്നും അതിമോഹത്താല്‍ ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഞാന്‍ അനുഭവിച്ചറിഞ്ഞു.

Thursday, August 15, 2013

എന്‍റെ മനസ്സിലെ ബേപ്പൂര്‍ സുല്‍ത്താന്‍


ഞാന്‍ ആദ്യമായി മനസ്സിരുത്തി വായിച്ച നോവല്‍ ഏതെന്ന് ചോദിച്ചാല്‍ ഒരു സംശയവും ഇല്ലാതെ പറയാവുന്ന മറുപടിയാണ് നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍ എഴുതിയ "പാത്തുമ്മാന്‍റെ ആട്" എന്ന്. 

വായനയോടുള്ള അമിത പ്രിയം കൊണ്ടൊന്നും അല്ലായിരുന്നു അത് അന്ന് പത്താം ക്ലാസിലെ മലയാളം സെക്കന്റ് എന്നാ പാഠപുസ്തകത്തിലെ ഒരു അദ്ധ്യായവും പിന്നെ അന്നത്തെ ഞങ്ങളുടെ സ്കൂളിലെ നുള്ളല്‍ മാഷ്‌ എന്ന് ഞങ്ങള്‍ ഓമനപ്പേരില്‍ വിളിക്കുന്ന മാഷിന്‍റെ കയ്യില്‍ നിന്നും നുള്ള് കിട്ടാതിരിക്കാനും വേണ്ടി മാത്രം ഉള്ളതായിരുന്നു ആ വായന.

പക്ഷേ പിന്നീടുള്ള ജീവിത യാത്രകളില്‍ ഞാന്‍ അറിഞ്ഞു ബഷീര്‍ എന്ന മഹാനായ എഴുത്തുകാരന്‍ തന്‍റെ ആ രചനക്ക് ജീവന്‍ നല്‍കിയത് മാനസിക അസുഖതിനുള്ള ചികിത്സയില്‍ ആയിരിക്കുമ്പോഴായിരുന്നു എന്നുള്ള സത്യം ഞാന്‍ ഇപ്പോഴും അത്ഭുതത്തോടെ ചിന്തിക്കുന്ന ഒരു കാര്യമാണത്.

പാത്തുമ്മയുടെ ആട് എന്ന കഥ ഒരു ദൃക്സാക്ഷി വിവരണം പോലയാണ് ബഷീര്‍ നമ്മുടെ മുന്നില്‍ പറയുന്നത് അദ്ദേഹത്തിന്‍റെ ജന്മദേശമായ തലയോലപറമ്പാണ് ഈ നോവലിന്‍റെ കഥാ പശ്ചാത്തലം, ഈ കഥയില്‍ സ്ത്രീകളേയും കുട്ടികളേയും നാട്ടുകാരെയും അതിലുപരി മൃഗങ്ങളെയും പക്ഷികളേയും എല്ലാം ഉള്‍പ്പെടുത്തിയാണ് അദ്ധേഹം നമുക്ക് പറഞ്ഞു തരുന്നത് . ഇതില്‍ പ്രണയമില്ല ജീവിതത്തിന്‍റെ യാഥാര്‍ത്യങ്ങള്‍ മാത്രം എല്ലാവരും സാധാരണ മനുഷ്യര്‍ മാത്രം വില്ലന്മാരില്ല പച്ചയായ മനുഷ്യ മുഖങ്ങള്‍ മാത്രം.

നോവല്‍ പൂര്‍ത്തിയായതിനു ശേഷം അഞ്ച് (5) വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കുന്ന സമയത്ത് പുനഃപരിശോധനയോ പകര്‍ത്തി എഴുതി ഭംഗിയാക്കുകയോ ചെയ്യാതെ എഴുതിയത് പോലെ തന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു.


(കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള പാത്തുമ്മയുടെ ആടിന്‍റെ പ്രതിമ )

കുടുംബത്തിന്‍റെ വളര്‍ച്ചക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു സ്ത്രീയായ പാത്തുമ്മ എന്ന ബഷീറിന്‍റെ സഹോദരിമാരില്‍ മൂത്ത ആളും അവരുടെ ആടും ആണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചിട്ടുള്ളത്.

(പാത്തുമ്മ )

മകള്‍ ഖദീജയ്ക്കും മരുമകന്‍ ഷംസുദീനും കൂടെ താമസിക്കുകയായിരുന്ന പാത്തുമ്മയെ തൊണ്ണൂറ്റി ഒന്നാം (91) വയസ്സില്‍ പ്രായാധിക്യം മൂലമുള്ള അസുഖം കാരണം  മുട്ടിച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അവിടെ വെച്ച് തന്നെ ഈ ലോകത്തോട്‌ വിട പറയുകയും ചെയ്തു.

1908-ജനുവരി-21ന് കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ പെട്ട തലയോലപറമ്പ് എന്ന ഗ്രാമത്തില്‍ പിതാവ് കായി അബ്ദുറഹ്മാന്‍റെയും മാതാവ് കുഞ്ഞാത്തുമ്മയുടേയും മകനായി  ഭൂജാതനായ ബഷീര്‍ പ്രാഥമിക വിദ്യാഭ്യാസം തലയോലപറമ്പിലെ മലയാളം വിദ്യാലയത്തിലും വൈക്കം  ആംഗലഭാഷ (English) വിദ്യാലയത്തിലും ആണ് നിര്‍വഹിച്ചത്.

സ്വാതന്ത്ര്യ സമരവുമായി ബന്ധപെട്ട് കോഴിക്കോട് വന്ന ഗാന്ധിജിയെ കാണാന്‍ വേണ്ടി സ്കൂള്‍  പഠനകാലത്ത് വീട്ടില്‍ നിന്നും ഒളിച്ചോടി ഇതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിതിരിവിന് കാരണമായത്. തലയോലപറമ്പ് മുതല്‍ എറണാകുളം വരെ കാല്‍ നടയായി പോയ ബഷീര്‍ അവിടെ നിന്ന് കള്ളവണ്ടി കയറി കോഴിക്കോട്ടെത്തി ഇതായിരുന്നു ബഷീറിന്‍റെ സ്വാതന്ത്ര്യ സമരാരമ്പം. പിന്നീട്1930-ല്‍ കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പിടികൂടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി അദ്ധേഹം ഭഗത് സിംഗ് മാതൃകയില്‍ ഒരു തീവ്രവാദ സംഘമുണ്ടാക്കി. അതിന് വേണ്ടി എഴുതിയ ലേഖനങ്ങളാണ് അദ്ദേഹത്തിന്‍റെ ആദ്യകാലകൃതികള്‍ . ഈ തീവ്രവാദ സംഘടനയുടെ "ഉജ്ജീവനം" എന്ന മുഖപത്രത്തില്‍ "പ്രഭ" എന്നതൂലിക നാമത്തില്‍  ആയിരുന്നു അദ്ദേഹംഎഴുതിയിരുന്നത്.

ഈ വാരിക പിന്നീട് ബ്രിട്ടീഷ് ഭരണകൂടം കണ്ടു കെട്ടിയതിനെ തുടര്‍ന്ന്  ഇന്ത്യ മുഴുവനും കറങ്ങുകയും അതിനിടയില്‍ ഒരുപാട് ജോലികളും വേഷങ്ങളും അദ്ദേഹതിന്ന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട് . കൂടാതെ അറേബ്യന്‍ നാടുകളിലും ആഫ്രിക്കയിലുമായി ഒമ്പത് (9) വര്‍ഷത്തോളം സഞ്ചരിക്കുകയും ഒരുപാട് ഭാഷകള്‍ സ്വായത്തമാക്കുകയും ഒരുപാട് ആളുകളുമായി ഇടപഴകുകയും ഒരുപാട് ജീവിതങ്ങള്‍ നേരില്‍ കാണുകയും ചെയ്തു. ഇതാണ് ഇദ്ദേഹത്തിന്‍റെ രചനകളുടെ ജീവനും. ലോക സഞ്ചാരത്തിനിടയില്‍ താന്‍ കണ്ട സത്യങ്ങള്‍ ഇദ്ദേഹത്തിന്‍റെ രചനകളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.
(ഫാബി ബഷീര്‍ )

അരീക്കോടുള്ള കോയക്കുട്ടി മാസ്റ്ററുടെയും തോണ്ടിയില്‍ ഖദീജയുടേയും മകളായ ഫാബി 1958-ഡിസംബർ-18 ന് ഇദ്ദേഹത്തിന്‍റെ ജീവിത സഖിയായി വരികയും ചെയ്തു.

1994- ജൂലൈ-5 ന് ആ മഹാനായ കലാകാരന്‍ നമ്മില്‍ നിന്നും വിട പറഞ്ഞു.

"  ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. 
ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. 
എന്തെങ്കിലും തെറ്റു ചെയ് തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം."  
(വൈക്കം മുഹമ്മദ്‌ ബഷീര്‍)

Wednesday, August 14, 2013

വിവാഹം എന്ന ഭാഗ്യപരീക്ഷണം.വിവാഹം എന്നാല്‍ എന്ത് എന്നതിനെ കുറിച്ച് നമുക്ക്  ഒറ്റവാക്കില്‍ പറയാന്‍ കഴിയുന്ന ഉത്തരം സ്ത്രീയും പുരുഷനും ഭാര്യ ഭര്‍ത്താക്കന്മാരായി മാറുന്ന ചടങ്ങ് എന്നാണ് . വിവാഹം കഴിയുന്നതോടു കൂടി  അവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും പരസ്പരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും അവരുടെ തലമുറകളെ സൃഷ്ട്ടിക്കാനും വളര്‍ത്താനും ഉള്ള അവസരം മതപരമായും  സാമൂഹികപരമായും നിയമപരമായും ലഭ്യമാവുന്നു.


സത്യത്തില്‍ വിവാഹം എന്നത് മനുഷ്യ ജീവിതത്തില്‍ ഒരു സുപ്രധാനമായ കടമ്പയാണ് അതില്‍ വീഴ്ച്ച വരുത്തിയാല്‍ ജീവിത കാലം മുഴുവന്‍ അതിനെ പഴിച്ചു ജീവിക്കേണ്ടി വരും. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ദാമ്പത്യ ജീവിതത്തില്‍ സ്നേഹത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കും. വിവാഹ ജീവിതത്തില്‍ പരസ്പരം ഉള്ള വിട്ടു വീഴ്ചകള്‍ ഏതൊരു ദാമ്പത്യത്തിന്റെയും നിര്‍ണായക ഘടകമാണ് ഭര്‍ത്താവ് ബുദ്ധിയും ഭാര്യ ആത്മാവുമായിരിക്കുന്നതാണ് യഥാര്‍ത്ഥ ദാമ്പത്യം.

വിവാഹം എന്ന് പറയുന്നത് സത്യത്തില്‍ സ്വന്തം ജീവിതം വെച്ചുള്ള ഒരു നറുക്കെടുപ്പ്‌ ആണ് കിട്ടിയാല്‍ ബംബര്‍ അടിക്കും അഥവാ കിട്ടിയില്ലങ്കില്‍ കീറി കളയാന്‍ കഴിയുകയും ഇല്ല. 

വിവാഹത്തെക്കുറിച്ച് കുറിച്ച് പറയുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു തമാശയായി ഓര്‍മ വരുന്നത്  ഓര്‍ഡിനറി എന്ന മലയാള സിനിമയില്‍ നിയാസ് ബിജു മേനോനോട് പറയുന്ന ഒരു സംഭാഷണമാണ്  
"സുഗു ഏട്ടന്‍ ഒരു കല്യാണമൊക്കെ കഴിക്കണം ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ".

ചില രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ചിട്ടുണ്ട് എന്നാലും ഏറെക്കുറേ രാജ്യങ്ങളില്‍ സ്ത്രീപുരുഷ വിവാഹത്തിന് മാത്രമാണ് നിയമപരമായി അംഗീകാരമുള്ളു .

ഫിലിപ്പീന്‍സ് പോലുള്ള ചില രാജ്യങ്ങളില്‍ ഉഭയസമ്മതത്തോടു  കൂടിയ ഉടമ്പടി പ്രകാരമുള്ള  വിവാഹവും നിയമപരമായി അംഗീകരിച്ചിട്ടുണ്ട് ഇങ്ങനെ ഉള്ള വിവാഹങ്ങള്‍ക്ക് ഒരു നിശ്ചിത കാലാവധി വരെ  ഭാര്യാഭര്‍തൃ ബന്ധം തുടരാം അതിനു ശേഷം അവര്‍ക്കു രണ്ടുപേര്‍ക്കും സമ്മതമാണെങ്കില്‍ ആ ബന്ധം നിയമപരമായി സ്ഥിരപ്പെടുത്താനും സാധിക്കും.

എല്ലാ രാജ്യങ്ങളിലും വിവാഹത്തിന്ന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട് മതപരമായി കൂടിച്ചേര്‍ന്ന്  പ്രായപരിധി പലതരത്തില്‍ ആണ് നിശ്ചയിട്ടുള്ളത് പക്ഷേ സൗദി അറേബ്യ പോലുള്ള ചില ഇസ്ലാമിക രാജ്യങ്ങളില്‍ നിലവിലുള്ള അവസ്ഥയില്‍ വിവാഹ പ്രായം എത്രയാണെന്ന് സ്ഥിതീകരിക്കപ്പെട്ടിട്ടില്ല അവരുടെ രക്ഷകര്‍ത്താക്കള്‍ക്കാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ അവകാശം .

ഇന്ത്യന്‍ വിവാഹ നിയമത്തില്‍ പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും പരസ്പരം വിവാഹത്തിന് സമ്മതമാണെങ്കില്‍ ജാതിമത സമ്മതമോ ബന്ധുക്കളുടെ സമ്മതമോ ഇല്ലാതെ  ഇന്ത്യന്‍ പാര്‍ലിമെന്റ് 1954-ല്‍ കൊണ്ടു വന്ന സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം നിയമപരമായി വിവാഹം കഴിക്കാനുള്ള അനുമതി നല്‍കുന്നുണ്ട്.

 ഇന്ത്യയെ പോലുള്ള ഒരു മതേതര രാജ്യത്ത് ജീവിക്കുന്ന ആളുകള്‍ക്ക് അവരുടെ മതപരമായ ആചാരങ്ങളോട് കൂടി വിവാഹം നടത്താന്‍ ഉള്ള അവകാശം ഇവിടുത്തെ ഏതൊരു പൌരനും ഉണ്ട് .

പ്രധാനമായും ഇന്ത്യയില്‍ മതപരമായി നടക്കുന്ന കുറച്ചു വിവാഹങ്ങളെ കുറിച്ച് താഴെ കൊടുത്തിട്ടുണ്ട് ഇതില്‍ ഇന്ത്യയിലെ എല്ലാ മതങ്ങളെയും ഉള്‍പ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടില്ല കാരണം അതിനേക്കുറിച്ചുള്ള  എന്‍റെ അറിവ് വളരെ പരിമിതമാണ്.

ഇസ്ലാമിക (മുസ്ലീം) വിവാഹം

മുസ്ലീം വിവാഹത്തെ നിക്കാഹ് എന്ന പേര് കൊണ്ടാണ് സൂചിപ്പിക്കുന്നത് ഇതാണ് ഇവരുടെ വിവാഹത്തിലെ  പ്രധാനമായ ഒരു ചടങ്ങ്. നിക്കാഹ് കഴിയുന്നതോടു കൂടെ സ്ത്രീയും പുരുഷനും ഭാര്യാ ഭര്‍ത്താക്കന്മാരായി മാറുന്നു . നിക്കാഹും പെണ്ണിനെ വരന്‍റെ വീട്ടിലേക്ക് കൊണ്ട് പോവുന്നതും അതേ ദിവസത്തില്‍ തന്നെയായിരിക്കും പക്ഷേ ചില സ്ഥലങ്ങളില്‍  നിക്കാഹ് കഴിഞ്ഞതിനു ശേഷം പെണ്ണിനെ വരന്റെ വീട്ടിലേക്കു കൊണ്ട് പോവുന്നതിനു വേറെ ഒരു ദിവസം തീരുമാനിക്കും പക്ഷേ നിക്കാഹിനോട് കൂടെ അവര്‍ക്ക് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ജീവിക്കുന്നത് പോലെ ജീവിക്കാനുള്ള അവകാശം മതവും സമൂഹവും നിയമവും അനുവദിച്ചു നല്‍കുന്നുണ്ട്.

സാധാരണയായി നിക്കാഹ് പള്ളിയില്‍((( ((മസ്ജിദ് ) വെച്ചാണ്‌ നടക്കാറ് ചില സ്ഥലങ്ങളില്‍ വധുവിന്റെയും വീട്ടില്‍ വെച്ചും നിക്കാഹ് നടക്കാറുണ്ട് . നിക്കാഹ് സമയത്ത് വരന്‍ വധുവിന്‍റെ രക്ഷിതാവില്‍ നിന്നും മഹറിന്(വിവാഹ മൂല്യം) പകരമായി വധുവിനെ സ്വീകരിച്ചതായി സമ്മതിക്കുന്നു .

 ഹൈന്ദവ(ഹിന്ദു) വിവാഹം

സാധാരണയായി ഹിന്ദു വിവാഹം നടക്കുന്നത് വധുവിന്‍റെ വീട്ടില്‍ വെച്ചോ ക്ഷേത്രത്തില്‍ വെച്ചോ ആണ് നടക്കാറ്. വധുവിന്‍റെ കഴുത്തില്‍ വരന്‍ താലി ചാര്‍ത്തുന്നതോട് കൂടി അവര്‍ ഭാര്യ ഭര്‍ത്താക്കന്മാരായി മാറും .

വിവാഹത്തിന്ന് മുന്നോടിയായി വധുവിന്‍റെയും വരന്‍റെയും ജാതകം പരസ്പരം ഒത്തു നോക്കുക എന്നത് ഹിന്ദുമത വിവാഹത്തിന്‍റെ ആദ്യ ചടങ്ങാണെന്ന് തന്നെ പറയാം .

ക്രിസ്ത്യൻ വിവാഹം

ഒരു സ്ത്രീയെയും പുരുഷനെയും ദൈവം ഒന്നിപ്പിച്ച് ഭാര്യാഭര്‍ത്താക്കന്മരാക്കുന്നതാണ് ക്രിസ്തീയ വിശ്വാസത്തില്‍ വിവാഹം എന്നത്. 

ക്രിസ്തീയ വിവാഹം നടക്കുന്നത് ചര്‍ച്ചുകളില്‍ (ക്രിസ്ത്യന്‍ പള്ളി) ആണ്. വിവാഹത്തിന്ന് മുന്നോടിയായി മനസമ്മതം എന്നൊരു ചടങ്ങു കൂടിയുണ്ട്ചര്‍ച്ചില്‍ വെച്ച് പള്ളി വികാരിയുടെ കാര്‍മികത്വത്തില്‍  ജനങ്ങളുടെ മുന്‍പില്‍ വെച്ച് പരസ്പരം വിവാഹ സമ്മതം നടത്തുക എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Saturday, August 10, 2013

നമ്മുടെ സ്വന്തം കുബ്ബൂസ്നാട്ടില്‍ നിന്നും യാത്ര തിരിക്കുന്നതിന്റെ മുന്‍പ് ഒരുപാട് സൂഹൃത്തുക്കള്‍ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് സൌദിയില്‍ വന്നാല്‍ ഭക്ഷണ കാര്യത്തില്‍ പേടിക്കേണ്ട ആവശ്യമില്ല അതായത്  പട്ടിണി കിടക്കേണ്ടി വരില്ല നാല് കുബ്ബൂസ് കിട്ടണമെങ്കില്‍ ഒരു റിയാല്‍ കൊടുത്താല്‍ മതി എന്നൊക്കെ . 

അവര് പറഞ്ഞത് ശരിയാണ് ഒരു റിയാലെങ്കിലും ഉള്ളവന് ഒരു ദിവസം വയറു നിറയ്ക്കാന്‍ ഒരു റിയാലിന്റെ ഖുബൂസ് ധാരാളമാണ്. ഈ കഴിഞ്ഞു പോയ നോമ്പിന്  സത്യം പറഞ്ഞാല്‍ എന്നും ഖുബൂസ് തന്നെയായിരുന്നു ശരണം (കാരണം വൈകുന്നേരം നമ്മുടെ നാട്ടിലെ പത്തിരി , ചപ്പാത്തി പോലുള്ള നോമ്പ് തുറ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ബുദ്ധിമുട്ട്).

ഞാന്‍ സൌദിയില്‍ വന്നിട്ട് ഖുബൂസ് എന്ന് പറയുന്ന സാധനം ഒന്ന് കഴിക്കണം എന്ന് ആഗ്രഹിച്ചു കുറെ നടന്നിട്ടുണ്ട് കാരണം എവിടെയാണ് ഇത് കിട്ടുന്നത് എന്നെനിക്കറിയില്ല റൂമില്‍ ഉച്ചയ്ക്കും വൈകുന്നേരവും ചോറ് ആണ് ഉണ്ടാക്കാറ്. അങ്ങനെ എന്‍റെ ആഗ്രഹം എന്‍റെ അന്നത്തെ സഹമുറിയനായ ചങ്ങാതിയോട്‌ പറഞ്ഞു അങ്ങനെ അവന്‍ പറഞ്ഞു തന്ന സ്ഥലത്തേക്ക് പോയി എന്നിട്ട് ഞാന്‍ അവനോടു ഫോണ്‍ വിളിച്ചു പറഞ്ഞു ഇന്ന് ഖുബൂസ് വാങ്ങിയിട്ടുണ്ട് ചോറ് ഉണ്ടാക്കുന്നില്ല എന്ന്  എന്നിട്ട് റൂമില്‍ വന്നു ഉച്ചയ്ക്ക് ഉണ്ടാക്കിയ കറി എടുത്തു ഖുബ്ബൂസും കൂട്ടി കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇവന്മാരെല്ലാം ഇത്രയേറെ പറഞ്ഞു പുകഴ്ത്തിയിരുന്ന ഖുബ്ബൂസ് ഇതാണോ എന്ന് വിചാരിച്ചത്. (പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഞാന്‍ ഖഴിച്ച ഖുബ്ബൂസ് പല തരത്തില്‍ ഉണ്ടെന്ന് ഞാന്‍ കഴിച്ചത് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയതാണെന്നും ).

സാധാരണയായി ഗോതമ്പ് പൊടി , ഈസ്റ്റ്‌ , ഉപ്പ് എന്നിവയാണ് കുബ്ബൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് . ഹുബ്സ് എന്ന് അറബിയില്‍ ഉള്ള പേര് മറ്റു രാജ്യക്കാര്‍ വിളിക്കുന്നതാണ് കുബ്ബൂസ്. സൌദിയില്‍ ഉള്ള എല്ലാ വലിയ സൂപ്പര്‍ മാര്‍കറ്റുകളില്‍ എല്ലാം കുബ്ബൂസ് നിര്‍മ്മിക്കുന്ന വലിയ മഷീനുകള്‍ നമുക്ക് കാണാവുന്നതാണ് നല്ല രസമുള്ള കാഴ്ചയാണത് ഞാന്‍ ഒരുപാട് പ്രാവശ്യം നോക്കി നിന്നിട്ടുണ്ടത്.  നമ്മുടെ കേരളത്തില്‍ നമ്മള്‍ ചോറ് ഉപയോഗിക്കുന്നത് പോലെ ഇവിടെ വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുവാണിത്. ഇത് വ്യാവാസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇവിടുത്തെ ഗവണ്മെന്റ് സാമ്പത്തിക സഹായങ്ങള്‍ നല്കാറുണ്ട്.
(കുബ്ബൂസ് നിര്‍മ്മിക്കുന്ന വലിയ മെഷീന്‍ )

കുബ്ബൂസ് എന്ന ഭക്ഷണ വസ്തു പല രാജ്യക്കാരും ഇവിടെ സൗദി അറേബ്യയില്‍ നിര്‍മ്മിച്ച്‌ കച്ചവടം ചെയ്യുന്നുണ്ട് അതിനെല്ലാം വിത്യസ്തമായ രുചികളാണ് (പാകിസ്ഥാനി , മിസിരി ,ഇറാനി , പലസ്തീനി ) അതിന്‍റെ കൂടെ അവരുടേതായ രുചികളില്‍ ഉള്ള കൂട്ടുകറികളും ഉണ്ടാവും.

Thursday, August 8, 2013

മദിന യാത്ര
ലോകത്തുള്ള എല്ലാ പട്ടിണി പാവങ്ങള്‍ക്കും ഐക്യദാര്‍ഢ്യo പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ജീവിതത്തില്‍ ആദ്യമായി പട്ടിണി കിടന്ന് പെരുന്നാള്‍ ആഘോഷിച്ചു .


 പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കാന്‍ വേണ്ടി ഇന്നലെ രാത്രി തന്നെ മദീന (മസ്ജിദുല്‍ നബവി ) ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടിരുന്നു . ഏകദേശം രാത്രി പതിനൊന്ന് മണി ആയപ്പോഴാണ് യാമ്പുവില്‍ നിന്ന് യാത്ര പുറപ്പെട്ടത്‌ രണ്ടു മണി ആയപ്പോഴേക്കും മദീനയില്‍ എത്തി ഇവിടെ നിന്ന് മദീനയിലേക്ക് 242 km ഉണ്ട് രണ്ടര മണിക്കൂര്‍ യാത്ര .

സൗദി അറേബ്യയിലെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഥിത്യ മര്യാദ കൂടുതല്‍ ഉള്ളവാരാണ് മദീനയില്‍ ഉള്ളവര്‍ എന്നാണു എന്‍റെ മൂന്നു പ്രാവശ്യത്തെ സന്ദര്‍ശനം കൊണ്ട് മനസ്സിലായത്‌ ഇത് പറയുമ്പോള്‍ മറ്റുള്ള എല്ലാ സ്ഥലങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന് തെറ്റി ധരിക്കരുത് മറ്റുള്ളവരുമായുള്ള സംഭാഷണങ്ങളില്‍ നിന്നും വായനകളില്‍ നിന്നും കിട്ടിയ ഒരു ചെറിയ അറിവ് മാത്രമാണിത് .

എന്‍റെ ജീവിതത്തില്‍ പ്രാര്‍ഥനകള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിച്ച ദിവസങ്ങളാണ് മക്കയിലും മദീനയിലും ഉള്ള ദിവസങ്ങള്‍ .

മക്ക കഴിഞ്ഞാല്‍ ലോകത്തുള്ള മുസ്ലീംകള്‍ പരിശുദ്ധമായി കാണുന്ന മറ്റൊരു സ്ഥലമാണ് മദിന . ഇസ്ലാമിക ചരിത്രങ്ങളില്‍ മദിന വളരെയധികം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂപ്രദേശമാണിവിടം. പ്രവാചകനായ മുഹമ്മദ്‌ നബി (സ) അന്ത്യ വിശ്രമം കൊള്ളുന്നത്‌ ഇവിടെയാണ്‌, സ്വര്‍ഗത്തിലെ ഉദ്യാനങ്ങളില്‍ പെട്ട ഒരു ഉദ്യാനമായി വിശുദ്ധ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള റൌള ശരീഫ് മസ്ജിദു നബവിയിലെ മിമ്പറിന്റെയും മുഹമ്മദ്‌ നബിയുടെ വീടിന്റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഭാഗമുണ്ട് അവിടം പച്ച പരവതാനി വിരിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട് .

ഒരു പാട് ചരിത്ര പ്രാധാനമായ അപൂര്‍വ സ്മാരകങ്ങളും നമ്മള്‍ പുസ്തകങ്ങളിലൂടെയും മറ്റും മനസ്സിലാക്കിയിട്ടുള്ള ചരിത്ര പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളും ഇവിടെ ഉണ്ട് .

നിങ്ങളുടെ അറിവിലേക്കായി കുറച്ചു സന്ദര്‍ശനപ്രധമായ സ്ഥലങ്ങളുടെ പേര് താഴെ കൊടുക്കുന്നുണ്ട് മദിനയില്‍ പോവുകയാണെങ്കില്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മറക്കരുത് .

1) ജന്നതുല്‍ ബഖീ , 
2) മസ്ജിദ് ഖിബ്‌ലതൈൻ,
3) മസ്ജിദ് ഖുബാ,
4) ഖന്തഖ് യുദ്ധം നടന്ന സ്ഥലം, 
5) മസ്ജിദ് സൽമാനുൽ ഫാരിസി
6) ഹദീഖതുൽ ബൈഅ
7) റായ പർവതം
9) ഹിജാസ് റെയിൽവേ
10 കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല
11) ഖൈബർ
12) ഉഹ്ദ് മല
13) മുഹമ്മദ്‌ നബി (സ) ഉപയോഗിച്ച കിണറുകള്‍

Wednesday, August 7, 2013

പെരുന്നാളിന്‍റെ ഓര്‍മയ്ക്ക്.
"അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ 
ലായിലാഹ ഇല്ലള്ളഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്"

ഇപ്പോഴും കാതില്‍ മുഴങ്ങുന്നു നാട്ടിലെ ആ തക്ബീര്‍ വിളി . എന്റെ ചെറുപ്പകാലം മുതലേ ഞാന്‍ എല്ലാ പെരുന്നാളിന്നും പള്ളിയില്‍ നിന്നും കേള്‍ക്കുന്ന എന്റെ എളാപ്പയുടെ (ഉപ്പയുടെ അനിയന്‍റെ) സ്വരം . പെരുന്നാള്‍ രാവിലെ തന്നെ പള്ളിയിലേക്ക് കുളിച്ചു പുതിയ വസ്ത്രമെല്ലാം ധരിച്ചു പോവുന്ന ഓര്‍മ്മകള്‍ (ഹും ) .

പെരുന്നാള്‍ പള്ളി കഴിഞ്ഞാല്‍ സാധാരണ പള്ളിയുടെ പിറകില്‍ തന്നെയുള്ള എന്റെ ഉപ്പാന്റെ തറവാട്ടില്‍ പോയി വല്ലതും കഴിക്കും വല്ലതും എന്ന് പറഞ്ഞാല്‍ നല്ല നെയ്ച്ചോറും കോഴിയും അല്ലങ്കില്‍ ബിരിയാണി (പക്ഷേ ഞാന്‍ നെയ്ച്ചോര്‍ മാത്രം കഴിക്കും അതാണെന്റെ വിധി പിന്നെ ബിരിയാണി ആണെങ്കില്‍ കഴിക്കുകയെ  ഇല്ല )

അത് കഴിഞ്ഞു നേരേ ഏട്ടന്മാരുടെ വീട്ടിലേക്കു പോവും ഓരോരുത്തരുടെ വീടുകളില്‍ പോയി വീട്ടില്‍ എത്തുമ്പോഴേക്കും ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ട് (12.30 pm ) കഴിയും  .

അപ്പോഴേക്കും വീട്ടിലേക്കു അടുത്തുള്ള വീട്ടുകാര്‍ എല്ലാം എത്താന്‍ തുടങ്ങും അവര് കഴിച്ചു കഴിയുമ്പോഴേക്കും എന്‍റെ  വാനരപ്പട ഓരോരുത്തരായി വന്നു കൊണ്ടിരിക്കും അതിനു ശേഷം ആണ് യുദ്ധം തുടങ്ങുന്നത് ( പെരുന്നാള്‍ ആയതു കൊണ്ട് നമുക്ക് ഇതിനെ ബദര്‍ യുദ്ധം എന്ന് വിളിക്കാം ) അതിനു ശേഷം ഞങ്ങള്‍ ഓരോരുത്തരുടെ വീടുകള്‍ ലക്ഷ്യമാക്കി പോവും ഏകദേശം വൈകുന്നേരം ആവുമ്പോഴേക്കും നിലംബുരിലേക്കോ അല്ലങ്കില്‍ ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള വല്ല സ്ഥലത്തേക്കോ പോവും .

പക്ഷേ കല്ല്യാണം കഴിഞ്ഞതിനു ശേഷം ഉച്ചക്ക് ശേഷമുള്ള കറക്കം ഇല്ലാതായി ആ കറക്കം അവളെയും കൊണ്ടായി എന്ന് മാത്രം പക്ഷേ അതിനും ഒരു രസമുണ്ട് നമുക്ക് കറങ്ങാന്‍ ഒരുപാട് കൂട്ടുകാര്‍ ഉണ്ട് പക്ഷേ അവള്‍ക്കു ഞാന്‍ മാത്രമേ ഉള്ളൂ.

ഞാന്‍ സൌദിഅറേബ്യയില്‍ വന്നിട്ടുള്ള ആദ്യത്തെ പെരുന്നാള്‍ ആണ് നാളെ എന്‍റെ  കൂട്ടുകാരുടെ കൂടെ നടക്കുന്നതിലും വലിയ നഷ്ട്ടബോധം തോന്നുന്നത് അവളുടെ കാര്യം ആലോചിക്കുമ്പോഴാണ് .

ഇത് തന്നെയാവും ഏതൊരു പ്രവാസിയുടെയും മനസ്സിലെ നൊമ്പരം  പഴയ ഒരു പഴംചെല്ല് ഓര്‍ക്കുമ്പോഴാണ് ഒരു സമാധാനം ഉള്ളത്  " ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാവൂ ".

" നല്ലൊരു നാളേക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാം". 

എല്ലാവര്‍ക്കും എന്‍റെ  ഈദ്‌ ആശംസകള്‍...

Popular Posts