ഏകദേശം അഞ്ചാം ക്ലാസ്സില്‍ ആയിരുന്നപ്പോഴാണെന്ന് തോന്നുന്നു എന്‍റെ മനസ്സില്‍ സൈക്കിള്‍ എന്ന ആഗ്രഹം കലശമായത്. എന്നും സൈക്കിളില്‍ സ്കൂളില്‍ പോവുന്നതും സ്വപ്നം കണ്ടുറങ്ങിയ രാത്രികള്‍ കുട്ടികളുടെ മുന്‍പിലൂടെ അതില്‍ കയറി കുറച്ച് അഹങ്കാരത്തോടെ സവാരി ചെയ്യുന്നതെല്ലാം ആന്നത്തെ സ്വപ്നങ്ങളില്‍ നിത്യ സംഭവങ്ങളായിരുന്നു.
പക്ഷേ എന്‍റെ ആ ആഗ്രഹം എന്റേത് മാത്രമാക്കി ഞാന്‍ രാത്രിയിലുള്ള ഉറക്കത്തില്‍ മാത്രം സാവാരിക്കിറങ്ങുന്ന ഒരു രാത്രി സഞ്ചാരിയായിരുന്നു.
ഒരുപാട് യാത്രകള്‍ അതില്‍ ഞാന്‍ നടത്തിയിട്ടുണ്ട് തിരുവാലി മുതല്‍ നിലമ്പൂര്‍ വഴി വഴിക്കടവ് നാടുകാണി ചുരം കയറി വയനാട് വഴി കോഴിക്കോട് പിന്നെ നേരെ കൊണ്ടോട്ടി വഴി ഉമ്മാന്റെ വീട്ടിലെല്ലാം കയറി മഞ്ചേരി വഴിയോ അല്ലങ്കില്‍ അരീക്കോടിലൂടെ എടവണ്ണ വഴിയോ വീട്ടിലെത്തും അതും രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറു മണി ആവുമ്പോഴേക്കും.
നേരം വെളുക്കുമ്പോള്‍ അതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന അഞ്ചാം ക്ലാസ്സുകാരന്‍റെ സങ്കടം ആര് കാണാന്‍ കരച്ചില്‍ ആര് കേള്‍ക്കാന്‍....,
നേരം വെളുത്താല്‍ ഞാനും എന്‍റെ കൂട്ടുകാരന്‍ ആഷ്റഫും സ്കൂള്‍ യാത്രകളില്‍ ചര്‍ച്ച ചെയ്തിരുന്ന ഒരു പ്രധാന വിഷയവും ഇത് തന്നെയായിരുന്നു.
ആ സൈക്കിളും മനസ്സില്‍ കണ്ടു ഞാന്‍ പന്ത് കളി കണ്ടത്തില്‍ (Football ground) കടല വില്‍ക്കാനും ഏട്ടന്‍റെ കടയില്‍ കച്ചവടത്തിന് സഹായിക്കാനും തുടങ്ങി. കടയില്‍ നിന്ന് കിട്ടുന്നതും കടല വിറ്റുണ്ടാക്കുന്നതും മിച്ചം പിടിച്ച് ഞാന്‍ അവസാനം ഒരു പഴയ സൈക്കിള്‍ വാങ്ങി .
സത്യത്തില്‍ എന്‍റെ അഞ്ചാം ക്ലാസ്സില്‍ നിന്നും തുടങ്ങിയ സ്വപ്നം യാഥാര്‍ഥ്യമായത് എട്ടാം ക്ലാസ്സില്‍ എത്തിയപ്പോഴായിരുന്നു ഏകദേശം മൂന്ന് മൂന്നര കൊല്ലം.
അങ്ങനെ അന്ന് മുതല്‍ ഞാനൊരു സൈക്കിള്‍ മുതലാളിയായി ഒരു അരവണ്ടിയുടെ മുതലാളി .
പിന്നെ കുറച്ചു കാലം അതിന്‍റെ മുകളില്‍ തന്നെയായിരുന്നു വെറുതെ എങ്ങോട്ടിന്നില്ലാതെ ചുറ്റലോ ചുറ്റല്‍.,
വെറുതെ ഓരോ അര മണിക്കൂര്‍ കഴിയുമ്പോഴും അതിന്‍റെ മുകളില്‍ ഒന്ന് കയറണം അല്ലങ്കില്‍ എന്തെന്നില്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ ആയിരുന്നു എനിക്ക്.
അങ്ങനെ ഒരിക്കല്‍ കടയില്‍ നില്‍ക്കുന്ന സമയം ഏകദേശം പത്തുമണി ആയിക്കാണും. ഏട്ടനോട് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ നേരെ വീട്ടിലേക്കു പോയി.
വീട്ടില്‍ പോയി ചായ കുടിച്ച് നേരെ വീണ്ടും സൈക്കിളില്‍., അടുത്ത സവാരിക്ക് റോഡിലേക്കിറങ്ങി.
എന്നിട്ട് സര്‍ക്കസ്സില്‍ അഭ്യാസികള്‍ കാണിക്കുന്നത് പോലെ ഒന്ന് രണ്ടു ഐറ്റംസ് അതിനിടക്ക് ഒരു അപ്പൂപ്പന്‍ സൈക്കിളും കൊണ്ട് എന്‍റെ മുന്‍പിലൂടെ പോവുന്നുണ്ടായിരുന്നു. നേരെ സൈക്കിളുമായി അദ്ദേഹത്തിന്‍റെ പിറകില്‍ ചെന്ന് രണ്ടു സൈടിലേക്കും ആട്ടി ആട്ടി സൈക്കിള്‍ ഓടിച്ചു കൊണ്ട് അദ്ദേഹത്തേ മറികടന്നു പോയി.
പെട്ടെന്ന് പിന്നില്‍ നിന്നൊരു നിലവിളി കേട്ട് കുറച്ച് കൂടി മുന്നോട്ട് പോയി ബ്രേക്ക് പിടിച്ചു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് എന്‍റെ മുന്‍പില്‍ പോയിരുന്ന അപ്പൂപ്പന്‍ സൈക്കിളിന്‍റെ അടിയില്‍ കിടക്കുന്നു.
എന്‍റെ ആട്ടി ആട്ടിയുള്ള സൈക്കിള്‍ ഓടിക്കലില്‍ എന്‍റെ സൈക്കിളിന്‍റെ സ്റ്റാന്റ് അപ്പൂപ്പന്‍റെ സൈക്കിളിന്‍റെ മുന്നിലത്തെ ടയറില്‍ ഉടക്കിയിരുന്നു
പിന്നെ ഞാനൊന്നും ആലോചിച്ചില്ല സൈക്കിള്‍ എടുത്തു കത്തിച്ചു വിട്ടു. കുറച്ചു ദൂരം കഴിഞ്ഞ് അപ്പൂപ്പന്‍ വീണു കിടന്നിരുന്ന റോഡിന്‍റെ കുറച്ച് അപ്പുറത്ത് പോയി നോക്കുമ്പോഴുണ്ട് കുറച്ചാളുകള്‍ അദ്ദേഹത്തേ എടുത്തു ഓട്ടോയില്‍ കയറ്റി കൊണ്ട് പോവുന്നു. സൈക്കിള്‍ വേറൊരാള്‍ ഓടിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു.
വൈകുന്നേരം ഏട്ടന്മാര്‍ അങ്ങേരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു വന്നതിന് ശേഷമാണ് അന്ന് ഉറങ്ങിയത്.
എന്തായാലും കുറച്ചു കാലത്തേക്ക് സൈക്കിള്‍ വീണ്ടും ഒരു സ്വപ്നം മാത്രമായി മാറ്റിയ സംഭവമായിരുന്നു അത്.
ചെറുപ്പത്തില്‍ നമ്മളെ സങ്കടപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്തിരുന്ന കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമ്പോള്‍ ഒരു തമാശയായി തോന്നാറുണ്ട് ..
ശരിയല്ലേ .. ?
എന്‍റെ സൈക്കിള്‍ യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു ഒരുപാട് പേടിപ്പെടുത്തലുകളും സങ്കടപ്പെടുത്തലുകളുമായി....