Tuesday, September 3, 2013

നെടുങ്കയം യാത്ര [ നിലമ്പൂര്‍ ]

എന്നാല്‍ നമുക്ക് യാത്ര തുടങ്ങാം താഴെ കാണുന്ന റോഡ്‌ ആണ് ഊട്ടി റോഡ്‌ എന്നറിയപ്പെടുന്ന നിലമ്പൂര്‍ റോഡ്‌ . ഏകദേശം ഇവിടെ നിന്ന് 15 കിലോ മീറ്റര്‍ അകലെയാണ് നമ്മള്‍ ഇന്ന് സന്ദര്‍ശിക്കാന്‍ പോവുന്ന നെടുങ്കയം.ഭാഗ്യമുണ്ടെങ്കില്‍ വന്യജീവികളെയും കാണാം. സാഹസികതയെ സ്‌നേഹിക്കുന്നവര്‍ക്കും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ വിരുന്നാണ് നെടുങ്കയം ഒരുക്കിയിരിക്കുന്നത്.

നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് നിലമ്പൂര്‍ കനോലി പ്ലോട്ട് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ തേക്ക് തോട്ടത്തിന്‍റെ മുമ്പിലൂടെയാണ്.


ഏകദേശം 5.765 ഏക്കര്‍ വിസ്തൃതി ഉണ്ട് ഇതിന് ബ്രിട്ടീഷ് ഭരണ കാലത്ത് തേക്ക് തടികളുടെ ആവശ്യാര്‍ത്ഥം അന്നത്തെ വന പരിപാലനോദ്യോഗസ്ഥന്‍ ആയ ചാത്തു മേനോന്‍ ആണ് 1846-ല്‍ കനോലി പ്ലോട്ട് നിര്‍മ്മാണം തുടങ്ങിയത്.

നമ്മള്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്ന റോഡിന്‍റെ ഇടതു വശത്ത്‌ കൂടി ഒരു റോഡുണ്ട് അതിലൂടെ പോവുകയാണെങ്കില്‍ ചാലിയാര്‍ പുഴയും അതിന് മുകളിലൂടെ ഒരു തൂക്കു പാലവും ഉണ്ട് പുഴക്കപ്പുറത്ത് സന്ദര്‍ശനയോഗ്യമായ രീതിയില്‍ കനോലി പ്ലോട്ടും നില കൊള്ളുന്നു.
(പ്രധാന പരിപാടി നെടുങ്കയം സന്ദര്‍ശനമായത് കൊണ്ട് കനോലി പ്ലോട്ടിലേക്ക് നമുക്ക് വേറൊരു ദിവസം പോവാം)


നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് നെടുങ്കയം ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റിന്‍റെ മുന്‍പിലാണ് ഇവിടെ നിന്നും സന്ദര്‍ശന ടിക്കറ്റ്‌ എടുക്കണം.


സന്ദര്‍ശന ടിക്കറ്റ്‌ എടുത്തതിന് ശേഷം നെടുങ്കയം ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റ്‌ മറികടന്നു തേക്കിന്‍ കാടിനകത്ത്  കൂടി പോവുന്ന റോഡിലൂടെ യാത്ര തുടരുകയാണ്

ഇതാണ് നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ 


ഇരു വശവും തേക്കിന്‍കാടുകള്‍ നിറഞ്ഞ വഴി ഒരൊറ്റ മൃഗങ്ങളെയും കാണുന്നില്ലല്ലോ
"വല്ല മുയലിനേയോ മയിലിനേയോ കണ്ടാല്‍ മതിയായിരുന്നു"


നിങ്ങളുടെ ഭാഗ്യം പോലെ ഉണ്ടാവും കണ്ടാല്‍ തന്നെ കണ്ടു എന്ന് പറയാവൂ .


കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രാര്‍ഥിച്ചോളൂ.


യാത്ര തുടരുന്നു എന്താവുമോ എന്തോ , എന്തായാലും വന്നതല്ലേ


എന്തായാലും തേക്കുകളുടെ ഫോട്ടോകള്‍ എടുത്തോളൂ


വിഷമിക്കേണ്ട എത്താറായിട്ടുണ്ട്.


ദാ .. ആ കാണുന്ന വളവു തിരിഞ്ഞാല്‍ എത്തി .. !


സോറി ഈ വളവല്ല അടുത്ത വളവാണ് കുറെ കാലമായി ഇങ്ങോട്ട് വന്നിട്ട് അതോണ്ടാ.

ഹാവൂ .. കുറേ നേരത്തിനു ശേഷം ഒരു ഒഴിഞ്ഞ സ്ഥലം കണ്ടു , വേണമെങ്കില്‍ ഒന്ന് മൂത്രമൊഴിച്ചു വന്നോള്ളൂ.


എല്ലാവരും ഒഴിച്ചില്ലേ എന്നാ നമുക്ക് യാത്ര തുടരാം ല്ലേ ..!

ആ വളവു കഴിഞ്ഞാല്‍ ചിലപ്പോള്‍ ആനയെ കാണാന്‍ പറ്റുമായിരിക്കും.


സൂക്ഷിച്ചു നോക്കണ്ട അത് ആനയല്ല പാറയാണ്‌..., ആന പോയിട്ട് ആന പിണ്ഡം പോലുമില്ലല്ലോ .. ഹി ഹി ഹി


അങ്ങോട്ടു നോക്കൂ  നമ്മുടെ മുമ്പിലൂടെആരോ ബൈക്കില്‍ പോവുന്നുണ്ട്


ഇവിടെ ഒരു മരം വീണു കിടക്കുന്നുണ്ടല്ലോ


ഹ ഹ .. ഇത് വീണു കിടക്കുന്നതല്ല വില്‍ക്കാന്‍ വേണ്ടി മുറിച്ചിട്ടേക്കുന്ന തേക്കു തടികളാണ്.


ഇവിടെ നിന്നും തേക്കിന്‍ തടികള്‍ ആവശ്യമുള്ളവര്‍ ലേലം വിളിച്ച്‌ എടുക്കയാണ് പതിവ് എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്.


പോവാം പോവാം ധൃതി കൂട്ടല്ലേ ..ഇപ്പോള്‍ എത്തും ട്ടോ ..!


ഇത് അത്ര വല്ല്യ തേക്കൊന്നുമല്ല നമ്മള്‍ പോരുന്ന വഴിക്ക് കണ്ടത് പോലുള്ള ഒരു തേക്കാണ് താഴെ നിന്നും മുകളിലേക്ക് ഫോട്ടോ എടുത്തത് കൊണ്ടാണ് ഭയങ്കര നീളം ഉള്ളത് പോലെ തോന്നുന്നത്.


ഇനി ഞാന്‍ പറ്റിക്കില്ല നമ്മള്‍ ഇപ്പോള്‍ എത്തും ..സത്യം.



ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്  ചാലിയാര്‍ പുഴയുടെ മുകളിലൂടെ അപ്പുറത്തേക്ക് കടക്കാന്‍ വേണ്ടി പണ്ട് ബ്രിട്ടീഷുകാര്‍ നെടുങ്കയത്ത് നിര്‍മ്മിച്ച ഇരുമ്പ് പാലത്തിന്ന് മുമ്പിലാണ്. ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയ ഇ.എസ് ഡോസന്‍ സായിപ്പിന്‍റെ മേല്‍നോട്ടത്തില്‍ ആണിതിന്‍റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഇതിന് അപ്പുറത്തേക്ക് സന്ദര്‍ശകരുടെ വാഹനങ്ങള്‍ കയറ്റി വിടില്ല.

പാലത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു  
'' 1938-ല്‍ ഇംഗ്ലീഷുകാരനായ ഫോറസ്റ്റ് എഞ്ചിനിയര്‍ ഈ കയത്തില്‍ മുങ്ങി മരിച്ചതാണ് രേഖാമൂലമുള്ള ആദ്യത്തെ വിവരം. അതിനുശേഷം പല സന്ദര്‍ശകരും ഈ കയത്തില്‍ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യം കൊണ്ട് ഈ കയത്തില്‍ മുങ്ങിപോയവര്‍അനവധിയാണ്. ഏറ്റവും അവസാനം ഈ കയത്തില്‍ മരണപ്പെട്ടത് 2007 സെപ്തംബര്‍ 12-ന് കോഴിക്കോട്ടുകാരനായ ഫത്തഹുദ്ധീന്‍ ആണ്. ഈ കയത്തിലെ എക്കാലത്തെയും അവസാനത്തെ ദുരന്തവും ഇതായിരിക്കട്ടെ'' .


ഈ കയത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് നെടുങ്കയം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ്.


പാലത്തിന്‍റെ കൈവരികല്‍ക്കിടയിലൂടെയുള്ള ഒരു കാഴ്ച്ച


ഇതും പാലത്തിന്‍റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന ഒരു കാഴ്ച്ചയാണ്.


അങ്ങനെ നമ്മള്‍ പുഴയുടെ അരികിലെത്തി 


ദാ ആ കാണുന്നതാണ് നമ്മള്‍ വന്ന ഇരുമ്പ് പാലം


ദേ ... അങ്ങോട്ടു നോക്കിക്കേ അവിടെ ഒരു ചെറിയ വീട് പോലെ കാണുന്നില്ലേ അത് തേക്കിന്‍ തടികള്‍ ഉപയോഗിച്ച് ഡോസന്‍ സായിപ്പ് നിര്‍മ്മിച്ച ബംഗ്ലാവാണ്.

നമുക്ക് കുറച്ചു കൂടി ഉള്ളിലോട്ടു പോയി നോക്കാം ചിലപ്പോള്‍ ആനയും മറ്റും ഉണ്ടാവാന്‍ സാധ്യത ഉണ്ട്.


ഇതെന്തൊരു മരമാ .. ഹിഹിഹി കാണാന്‍ നല്ല രസമുണ്ടല്ലേ ..!


ഇത് നമ്മള്‍ ഇപ്പോള്‍ കണ്ട മരം തന്നെയാണ് ഒരു ഫുള്‍ സൈസ് ഫോട്ടോക്ക് പോസ് ചെയ്തു തന്നപ്പോള്‍ എടുത്തതാ .


ഇവിടെ കാണുന്ന മരങ്ങളുടെ പേരുകളൊന്നും എന്നോട് ചോദിക്കരുത് .


ഇതും ഒരു മരം തന്നെയാണ് .. ഒരുപാട് മരങ്ങള്‍ കൂടി ചേര്‍ന്നുണ്ടായത് പോലെ അല്ലെ ..!


വെറുതെ ഒരു രസത്തിന് വഴിമുടക്കി വീണു കിടന്നിരുന്ന ഒരു മരത്തിന്‍റെ ഫോട്ടോയാ.


കണ്ടോ ആ കാണുന്ന മരത്തിന്‍റെ ഇലകള്‍ കണ്ടാല്‍ മുരിങ്ങയില പോലെയാ


അങ്ങോട്ടു നോക്കൂ മരങ്ങള്‍ക്കിടയില്‍ ഒരു അഹങ്കാര മരം നില്‍ക്കുന്നത് കണ്ടില്ലേ .


പുഴയുടെ അരികത്ത് ഇത് പോലുള്ള ഒരുപാട് മരങ്ങള്‍ ഉണ്ട് 


നക്ഷത്ര പൂവ്


ഇതാണ് ചുണ്ടങ്ങ കായ.
നമ്മള്‍ ഇപ്പോള്‍ പൂ കണ്ട ചെടിയുടെ കായയാണ്.


ദേ .. ഒരു ചെറിയ മരം വെള്ളത്തില്‍ കിടക്കുന്നു


ഒഴുകുന്ന പുഴയുടെ നടുവില്‍ കണ്ട കുറച്ചു ചെടികള്‍ 


നമ്മള്‍ വീണ്ടും പാലത്തിന്‍റെ മുകളില്‍ എത്തി. വരൂ  ഇനി നമുക്ക് കുറച്ചു കാഴ്ച്ചകള്‍ കൂടി കാണാന്‍ ബാക്കിയുണ്ട്.

ഇതാണ് ഡോസന്‍ സായിപ്പിന്‍റെ ശവ കുടീരം


ഇതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു 

"ഇ.എസ്. ഡോസന്‍ , ഐ.എഫ്.ഇ.എസ്
ജനനം 1897 - മരണം  1938

ഇംഗ്ലീഷ്കാരനായ മിസ്റ്റര്‍... ഇ.എസ്.ഡോസന്‍ 1922 മുതല്‍ ഇന്ത്യന്‍ ഫോറെസ്റ്റ് എഞ്ചിനീയറിംഗ് സര്‍വ്വീസില്‍ ആയിരുന്നു 1938-ല്‍ നെടുംകയം പുഴയില്‍ നീന്തി കുളിക്കവേ അദ്ദേഹം ഒരപകടത്തില്‍പെട്ടു മുങ്ങി മരിച്ചു. നെടുംകയം വനവും  താന്‍ രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ച ഗാര്‍ഡര്‍ പാലവും  അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ വിധവയുടെ അപേക്ഷയനുസരിച്ച് ഡോസന്‍റെ മൃതദേഹം ഇവിടെത്തന്നെ സംസ്കരിച്ചു.

ഇതാണ് ആനപന്തി എന്ന് പറയുന്നത് ഇപ്പോള്‍ ഇവിടെ ആനകളെന്നുമില്ല , ആദ്യ കാലങ്ങളില്‍ കാട്ടില്‍ നിന്നും പിടികൂടുന്ന ആനകളെ മെരുക്കാന്‍ വേണ്ടിയാണത്രേ ഈ കൂട് ഉപയോഗിച്ചിരുന്നത്.

ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ ഇനി കാട്ടിലൂടെ പോവാനുള്ള സൗകര്യമുണ്ട് പക്ഷേ സമയം അതിക്രമിച്ചതിനാല്‍ നമുക്ക് ഇന്ന് അവിടേക്ക് പോവാന്‍ സാധിക്കില്ല.


എന്തായാലും നമുക്ക് ഈ  നെടുങ്കയം യാത്ര ഇവിടെ അവസാനിപ്പിക്കാം.....!

യാത്ര വന്നവരെല്ലാം നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താന്‍ മറക്കരുതേ...!

Sunday, September 1, 2013

രാജാവേ രണ്ടു വടയും ഒരു കാപ്പിയും..!


ഇതിന്‍റെ തലക്കെട്ട്‌ കാണുമ്പോള്‍ എന്തായാലും നിങ്ങള്‍ക്കൊരു സംശയം ഉണ്ടാവാതിരിക്കാന്‍ വഴിയില്ല എന്താണിത് ''രാജാവേ രണ്ടു വടയും ഒരു കാപ്പിയും'' അത് നിങ്ങള്‍ക്ക് വഴിയെ മനസ്സിലായിക്കൊള്ളും .

കഥ തുടങ്ങുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഉള്ള ഇന്ത്യന്‍ കോഫീ ഹൌസ് എന്നാ സ്ഥാപനത്തെ ചുറ്റി പറ്റിയാണ് .

മഞ്ചേരിയില്‍ സാധാരണക്കാരുടെ മുമ്പില്‍ ഒരു വലിയ സംഭവം ആയാണ് ഇന്ത്യന്‍ കോഫി ഹൌസിന്റെ ശാഖ തുറന്നത് , ചൂടുള്ള മസാല ദോശയും വടയും ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കൊതിയൂറുന്ന ഒരു തരം അനുഭൂതി

ഒരു ദിവസം പതിവ് പോലെ ഞാന്‍ കോഫി ഹൌസിലേക്ക് വെച്ച് പിടിച്ചു. അന്ന് ഒരു സംഭവം കൂടി എന്‍റെ കൂടെ ഉണ്ട് ഒരു പാവം കൂട്ടുകാരന്‍ ചെറുപ്പത്തില്‍ എന്‍റെ കൂടെ സ്കൂളില്‍ പഠിച്ചതായിരുന്നു.

ഞാന്‍ അവനേയും കൂടെ വിളിച്ചാണ് പോയത് അവന്‍ പഠിക്കുന്ന കാലം തൊട്ടേ ഒരു ബാലരമയും കൊണ്ടാണ് സ്കൂളില്‍ വരാറ് ഞങ്ങള്‍ അവനെ ബാലരമ എന്നാണ് വിളിച്ചിരുന്നത് വളര്‍ന്നപ്പോഴും അവന്‍റെ സ്വഭാവം പഴയത്പോലെ തന്നെയായിരുന്നു. അത് ചെറുതായൊന്ന് വേദനിപ്പിച്ചു കാലം മാറുമ്പോള്‍ കോലം മാറണം എന്നാ തത്ത്വം ഒന്ന് ഓര്‍ത്തു പോയി.

ഞാന്‍ അത്ര വല്ല്യ  സംഭവമൊന്നും ആയിട്ടല്ല, എന്നാലും എന്‍റെ കൂടെ ചെറുപ്പ കാലത്തുണ്ടായിരുന്ന ഒരു സൂഹൃത്തിനെ അങ്ങനെ കാണേണ്ടി വന്ന ഒരു സങ്കടം കാരണം അവന്‍റെ ഭാഗത്ത്‌ നിന്ന് ഞാന്‍ ഇങ്ങനെ ഒരു ജീവിതമല്ല പ്രതീക്ഷിച്ചിരുന്നത് ഇതെല്ലാം ഓര്‍ത്തു ഞാന്‍ നടന്നു കോഫി ഹൌസില്‍ എത്തി.

കോഫി ഹൌസിലെ സ്ഥിരം കസ്റ്റമറായ എനിക്ക് അവിടെ ഉള്ള ജോലിക്കാരുടെ സ്വീകരണം കുറച്ചു കൂടുതലായിരുന്നു ഞാനും വിട്ടു കൊടുക്കാറില്ല ഒരു വല്യ സംഭവം ആണെന്ന മട്ടിലായിരുന്നു എന്‍റെ അഭിനയവും .

ഓര്‍ഡര്‍ എടുക്കാന്‍ വേണ്ടി അവിടുത്തെ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ആള്‍ വന്നു എന്നോട് എന്താണ് വേണ്ടതെന്ന് ചോദിച്ചു ഞാന്‍ ഒരു മസാല ദോശയും ഒരു വടയും ഓര്‍ഡര്‍ ചെയ്തതിന് ശേഷം അവനോടു ചോദിച്ചു നിനക്കെന്താണ് വേണ്ടത്.

അപ്പോള്‍ അവന്‍ പറയുകയാ രാജാവേ എനിക്ക് രണ്ടു രണ്ടു വടയും ഒരു കാപ്പിയും മതി എന്ന് ഇത് കേട്ടതും അയാള്‍ എന്‍റെ മുഖത്തേക്ക് ഒരു നോട്ടം ഞാന്‍ അത് വരെ ഉണ്ടാക്കിയ സകല വിലയും ചീട്ടു കൊട്ടാരം കണക്കെ ഇടിഞ്ഞു തകര്‍ന്നു വീണു .

കഴിച്ചു കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ ഞങ്ങള്‍ എന്‍റെ ഓഫീസ് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഞാന്‍ അവനോടു ചോദിച്ചു നീ എന്തിനാ അയാളോട് അങ്ങനെ പറഞ്ഞത്.

അപ്പോള്‍ അവന്‍ പറയുകയാണ്‌ അയാളുടെ വേഷം കണ്ടപ്പോള്‍ അവനു ബാലരമയില്‍ ഉണ്ടായിരുന്ന വിക്രമാതിത്യനെ ഓര്‍മ്മ വന്നെന്ന് (ഇന്ത്യന്‍ കോഫി ഹൌസില്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വരുന്ന ആളുകളുടെ യൂണിഫോം കണ്ടാണ്‌ അവന്‍ അങ്ങനെ പറഞ്ഞത്,വെള്ള വസ്ത്രവും രാജാക്കന്മാരാനെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു വലിയ തൊപ്പിയും)

ഇത് പോലുള്ള ഒരു ചോദ്യം ഞാന്‍ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു അത് അവനെ കൊണ്ട് സാധിപ്പിച്ചത്തിന്റെ നിര്‍വൃതിയില്‍ ഞാനൊന്ന് ആശ്വസിച്ചു സത്യത്തില്‍ എന്‍റെ മനസ്സിലും ഉണ്ടായിരുന്നു ബാലരമയില്‍ ഉണ്ടായിരുന്ന വിക്രമാദിത്യന്റെ ആ രൂപം.

Popular Posts