Sunday, October 6, 2013

കുഞ്ഞാണിയുടെ സ്വപ്നാടനങ്ങള്‍ (കടല്‍ ~ ഭാഗം - 3)


തുടര്‍ന്നുള്ള യാത്രകളില്‍ ഇനി സൂര്യനെ കാണില്ല കാരണം സൂര്യപ്രകാശത്തിന് കടന്നു ചെല്ലാന്‍ സാധിക്കാത്ത സ്ഥലത്ത് കൂടിയാണ് നാം യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.

മുകളിലേക്ക് നോക്കിയപ്പോള്‍ സൂര്യപ്രകാശം കടന്നു വന്നിരുന്ന ജലപാതകള്‍ ഇരുളടഞ്ഞു പോവുന്നത് കാണാമായിരുന്നു.

പക്ഷെ എന്‍റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി അടിത്തട്ടിലേക്ക് അടുക്കും തോറും ചെറിയ ചെറിയ പ്രകാശ വര്‍ഷിനികളായ സസ്യങ്ങളും ജന്തുക്കളും എന്നെ നോക്കി ചിരിച്ചു നില്‍ക്കുന്നത് പോലെ തോന്നി.

അത് തോന്നലല്ല ... സത്യം തന്നെയാണ് ഇവകള്‍ സ്വയം പ്രകാശിക്കുകയാണ്.

ഞങ്ങള്‍ക്ക് പ്രകാശപൂരിതമായ വഴികള്‍ ഒരുക്കിയും ഞങ്ങളെ അനുഗമിച്ചാനയിച്ചു കൊണ്ടും യാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു തന്നു.

കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ കുറച്ചു കുന്നുകള്‍ക്കു നടുവില്‍ നിലാവ് പരന്ന ആകാശം പോലെ കാണുന്നുണ്ട് അവിടെയാണ് മേര്‍മീന്‍ താമസിക്കുന്ന സ്ഥലം അവിടെ അവന്‍ മാത്രമല്ല അവന്‍റെ ഭാര്യയും ബന്ധുക്കളും സൂഹൃത്തുക്കളും നാട്ടുകാരും എല്ലാവരും ഉണ്ട്.


ആഴിയില്‍ താമസിക്കുന്നവര്‍ വെളുത്ത് തുടുത്ത് നല്ല ഒത്ത ശരീരമുള്ളവര്‍ ആണ് .

എനിക്ക് തോന്നുന്നത് വെള്ളത്തില്‍ താമസിക്കുന്നത് കാരണമായിരിക്കും ഇവരിങ്ങനെ അല്ലെ ..?


ശരീരത്തില്‍ ഒരു നൂല്‍ബന്ധം പോലുമില്ലാത്ത ആളുകള്‍ ഇവിടെ പരസ്പരം ആവശ്യമില്ലാത്ത നോട്ടമോ വാക്കുകളോ ഒന്നും എനിക്ക് ഇത്ര നേരത്തെ ഇടപെടലുകളില്‍ തോന്നിയില്ല.

കാമം എന്നത് ഒരു രോഗമല്ല ഇണകള്‍ തമ്മിലുള്ള വികാരമാണെന്നുള്ളത്തിനുള്ള ഒരു നല്ല ഉദാഹരണമായിരുന്നു ഇവരുമൊത്തുള്ള ഈ അല്‍പ്പ സമയം.

അവനെ ആദ്യമായി കണ്ടപ്പോള്‍ അവന്‍ പറഞ്ഞ കാര്യം എനിക്ക് ഓര്‍മ്മ വന്നു "പരസ്പരം നാം ആരാണെന്ന് നമുക്ക് മനസ്സിലായാല്‍ ഉടുതുണിയുടെ ആവശ്യമില്ല എന്ന്".

ഇനി നമുക്ക് ഇവന്‍റെ വീട്ടിലേക്കു പോവാം ഇവന്‍റെ വീട് ഇവിടെ നിന്നും കുറച്ചു കൂടി മാറി ഒരു ചെറിയ കുന്നിന്‍ മുകളില്‍ ആണ് അവിടെ അവന്‍റെ ഭാര്യയും അവനും മാത്രമേ താമസിക്കുന്നുള്ളൂ.

ഞങ്ങള്‍ ചെല്ലുന്ന സമയത്ത് മുടിയിഴകള്‍ പരിപാലിച്ചു നില്‍ക്കുകയായിരുന്ന അവളുടെ മുഖത്ത് അവന്‍ മൂന്ന് ദിവസം അവിടെ ഇല്ലാതിരുന്നതിന്‍റെ വിഷമം നിഴലിച്ചു കാണുന്നുണ്ടായിരുന്നു.

എങ്കിലും കൂടെ വന്ന എന്നെ അതിന്‍റെ നീരസം ആറിയിക്കാതെ വളരെ സന്തോഷപൂര്‍വമായ വിരുന്ന് ഒരുക്കി സല്‍ക്കരിച്ചു.

തല്‍ക്കാലം എനിക്ക് പോവേണ്ട സമയമായി പക്ഷെ എന്നെ യാത്രയാക്കാന്‍ അവന് വരാന്‍ സാധിക്കില്ല കാരണം ഇവരുടെ ജീവിതത്തില്‍ രണ്ടു തവണ മാത്രമേ ജലോപരിതലത്തില്‍ വരാന്‍ സാധിക്കുകയുള്ളൂ.

എങ്കിലും അവന്‍ എന്നെ വരുന്ന വഴിയിലുള്ള കുന്നിന്‍ മുകളില്‍ കണ്ട തിളങ്ങുന്ന പാറക്കെട്ടുകള്‍ക്കടിയില്‍ വരെ യാത്രയാക്കാന്‍ വന്നിരുന്നു.

ഇനി ഈ ജീവിതത്തില്‍ അവനെ കാണാന്‍ കഴിയുമോ എന്നൊന്നും എനിക്കറിയില്ല എങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സാധ്യമാവും എന്ന് ഉറപ്പില്ലാത്ത കാഴ്ചകള്‍ കാണിച്ചു തന്ന ഒരു നല്ല തോഴനായി എന്നും എന്‍റെ മനസ്സില്‍ അവന്‍ ഉണ്ടാവും.

..ശുഭം

ഒന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുഞ്ഞാണിയുടെ സ്വപ്നാടനങ്ങള്‍ (കടല്‍ ~ ഭാഗം - 2)


കരയില്‍ നിന്നും സമുദ്രാര്‍ത്തികള്‍ ഭേദിച്ചു കൊണ്ടുള്ള യാത്ര ആകാശത്ത് നിന്നും ഭൂമിയിലേക്ക്‌ മേഘപാളികള്‍ക്കിടയിലൂടെ പറന്നിറങ്ങുന്ന പ്രതീതിയാണ് എനിക്ക് അനുഭവപ്പെടുന്നത്.

വലിയ വലിയ പര്‍വതങ്ങളും ചെറിയ കുന്നുകളും പവിഴപുറ്റുകളും പലതരം ചെടികളുമെല്ലാം കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.

അപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ഒരു കാര്യം മേര്‍മീന്‍ എന്നെ എങ്ങോട്ടാണ് കൊണ്ട് പോവുന്നത് എന്താണ് അവന്റെ യാത്രാ ഉദ്ദേശം എന്നായിരുന്നു എന്‍റെ മനസ്സില്‍..,...!

അവനാണെങ്കില്‍ ഒരു കാര്യവും പറയുന്നില്ല. യാത്രാരംഭത്തില്‍ അവന്‍ പറഞ്ഞിരുന്നു അവന്‍ പറയുന്നത് വരെ ഒന്നും ചോദിക്കുകയോ പറയുകയോ അരുതെന്ന്.

അതെന്തിനാണെന്ന് എനിക്കറിയില്ല .. ആ ..എന്തായാലും ചോദിക്കാന്‍ സമയമുണ്ടല്ലോ ..!

ഒരു വലിയ കുന്നിറങ്ങി ഞങ്ങള്‍ താഴെ ഒരു പാറപ്പുറത്ത് വന്നിരുന്നു.

ഞാന്‍ മനസ്സില്‍ പറഞ്ഞ കാര്യം അവന്‍ കേട്ടപോലെ എന്നോടവന്‍ പറഞ്ഞു. ഞാന്‍ നിന്നോട് സംസാരിക്കാതിരുന്നത് ഞങ്ങളുടെ സമുദ്ര നിയമ പ്രകാരം നമ്മള്‍ നില്‍ക്കുന്ന ഈ കുന്നിന്‍ മുകളില്‍ നീ ഒരു തിളങ്ങുന്ന പാറക്കെട്ട് കണ്ടോ അതിന്‍റെയും കരയുടെയും ഇടയില്‍ ഞങ്ങള്‍ക്ക് സംസാരിക്കുവാന്‍ സാധിക്കില്ല.

മുകളില്‍ നില്‍ക്കുന്ന തിളങ്ങുന്ന പാറക്കെട്ടിലേക്ക് ഞാന്‍ ഒന്നുകൂടി മുഖമുയര്‍ത്തി നോക്കി ശരിയാ നല്ല തിളക്കമുണ്ട്.

ജലത്തിന്‍റെ ഉപരിതലത്തില്‍ നിന്നും തിരമാലകല്‍ക്കിടയിലൂടെ ആഴങ്ങളിലേക്ക് ഊഴ്ന്നിറങ്ങുന്ന സൂര്യ രശ്മികളും തുറന്നു നില്‍ക്കുന്ന ചിപ്പികള്‍ക്കുള്ളിലെ പവിഴങ്ങളില്‍ തട്ടിത്തെറിക്കുന്ന വര്‍ണശഭളമായ കാഴ്ചകള്‍ ജീവിതത്തില്‍ ആദ്യമായി കാണുകയാണ് ഞാന്‍ .

ഏകദേശം ജലോപരിതലത്തില്‍ നിന്നും ഒരുപാട് കിലോ മീറ്ററുകള്‍ താഴെയായിട്ടുണ്ടാവും ഞങ്ങള്‍..,

ഇനിയും ഒരുപാട് ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട് എന്നവന്‍ പറഞ്ഞു ...!

എന്തായാലും മുകളില്‍ നിന്നും താഴെ വന്നതിലുള്ള വീര്‍പ്പു മുട്ടലും കൈകാല്‍ വിറയലും കുറച്ചു കുറവുണ്ടെന്ന് എനിക്ക് തോന്നി.

ശരി .. എന്നാല്‍ നമുക്ക് യാത്ര തുടരാം ...!

അവന്‍ എന്‍റെ വലതു കൈ പിടിച്ചു കൊണ്ട് ഞങ്ങള്‍ നിന്നിരുന്ന പാറക്കൂട്ടങ്ങള്‍ക്ക് സമാന്തരമായി നിന്നിരുന്ന ഇടവഴിയിലൂടെ മെല്ലെ നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ക്കഭിമുഖമായി സ്വര്‍ണ നിറത്തിലുള്ള കുഞ്ഞു മത്സ്യങ്ങള്‍  നിരനിരയായി ഞങ്ങളുടെ ശരീരത്തില്‍ മെല്ലെ തഴുകി കൊണ്ട്  യാത്രയാക്കുന്നുണ്ടായിരുന്നു...!


Saturday, October 5, 2013

കുഞ്ഞാണിയുടെ സ്വപ്നാടനങ്ങള്‍ (കടല്‍--- ~ ഭാഗം - 1)

എന്‍റെ പേര് കുഞ്ഞാണി.

ഞാന്‍ ജനിച്ചത്‌ എന്തിനാണെന്നോ ജീവിക്കുന്നത് എന്തിനാണെന്നോ അറിയാതെ ഉലകം ചുറ്റും വാലിഭനായി ഭൂമിക്കൊരു ഭാരമായി ജീവിക്കുന്നു.

എന്‍റെ യാത്രകള്‍ സ്വപ്നങ്ങളിലൂടെ ആയതിനാല്‍ ഈ യാത്രകള്‍ക്ക് അതിര്‍ വരമ്പുകളില്ല.

ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഞാന്‍ പോവും ആരും കാണാത്ത കാഴ്ചകള്‍ ഞാന്‍ കാണും ആരും കേള്‍ക്കാത്ത ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കും.

വരൂ എന്‍റെ കൂടെ ഞാന്‍ പറഞ്ഞു തരാം എന്‍റെ സ്വപ്ന യാത്രകള്‍ .

ചിലപ്പോള്‍ ഈ യാത്രയില്‍ നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ക്കതീതമായ പലതും അനുഭവിക്കേണ്ടി വരും.

യാത്രകള്‍ തുടങ്ങുന്നത് എന്തിനാണെന്ന് എനിക്കറിയില്ല പക്ഷെ എന്‍റെ സ്വപ്‌നങ്ങള്‍ എനിക്കെന്നും നല്ല ഓര്‍മ്മകളും വളരെ വലിയ ഗുണപാഠങ്ങളും നല്‍കിയിട്ടുണ്ട്.

ഇന്ന് നമുക്ക് കടലിന്‍റെ അടിത്തട്ടിലുള്ള രാജ്യമായ ആഴിയിലേക്കു പോവാം . അവിടെ എനിക്കൊരു കൂട്ടുകാരന്‍ ഉണ്ട് അവന്‍റെ പേര് മേര്‍മീന്‍ (ഇവനൊരു മീന്‍ വര്‍ഗത്തില്‍ പെട്ട മനുഷ്യനാണ്) അവന് ഞാന്‍ പറയുന്നത് മനസ്സിലാവും എന്‍റെ വികാര വിചാരങ്ങള്‍ തിരിച്ചറിയും.

ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അവനെ പരിചയപ്പെട്ടത്‌ കടല്‍ കാണാനുള്ള കൊതിയുമായി വീട്ടില്‍ നിന്നും ആരോടും പറയാതെ കോഴിക്കോട് കടപ്പുറത്തുള്ള കടല്‍ പാലത്തിന്‍റെ മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ പൂഴിയില്‍ വന്നു വെയില്‍ കായുകയായിരുന്ന അവനെ ഞാന്‍ ആദ്യമായി കാണുന്നത് .

സത്യത്തില്‍ ആകാംഷയോടെ മാത്രമേ എനിക്കവനെ ആദ്യകാഴ്ചയില്‍ സമീപിക്കാന്‍ കഴിഞ്ഞത് .

ഉടുതുണിയില്ലാതെ ഇങ്ങനെ കിടക്കാന്‍ നിനക്ക് നാണമില്ലേടാ എന്നാ എന്‍റെ ചോദ്യത്തിന് അവന്റെ മറുപടി നാം ആരാണെന്ന് നമുക്ക് നന്നായി അറിയാമെങ്കില്‍ ഉടുതുണിയുടെ ആവശ്യമില്ല എന്നായിരുന്നു.

പക്ഷെ അന്നവന്‍ പറഞ്ഞതിന്‍റെ പൊരുള്‍ എനിക്ക് മനസ്സിലായിരുന്നില്ല പക്ഷെ അവനുമായുള്ള യാത്രകളില്‍ അവന്‍ പറഞ്ഞതിന്‍റെ സത്യാവസ്തകള്‍ എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു.

എന്തായാലും ഇന്നെന്താണാവോ അവന്‍ എനിക്ക് കാട്ടിത്തരാന്‍ പോവുന്നത് എന്നറിയാനുള്ള ആകാംഷയില്‍ ഞാന്‍ കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ അങ്ങ് ദൂരെ നിന്നും ഒരു കുഞ്ഞു തിരയുടെ കൂടെ ഒഴുകി ഒഴുകി വരുന്നുണ്ടായിരുന്നു അവന്‍ .

സത്യത്തില്‍ കരയില്‍ ജീവിക്കുന്ന ജീവികളേക്കാളും മുന്‍ഗണന കടലില്‍ ജീവിക്കുന്ന ജീവികള്‍ക്ക് തന്നെയാണ് എന്ന് അവന്‍ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്‌ കാരണം ഭൂമിയുടെ മുക്കാല്‍ ഭാഗവും ഇവരുടെ വാസ സ്ഥലമാണല്ലോ ..!

അതിനേക്കാളുപരി ജീവന്‍റെ അങ്കൂരവും കടലില്‍ നിന്നാണല്ലോ ..!

സംസാരത്തിനിടയില്‍ ഞങ്ങള്‍ കരയില്‍ നിന്നും ആഴിയിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു.


Friday, September 6, 2013

എന്‍റെ സ്വന്തം സൈക്കിള്‍


ഏകദേശം അഞ്ചാം ക്ലാസ്സില്‍ ആയിരുന്നപ്പോഴാണെന്ന് തോന്നുന്നു എന്‍റെ മനസ്സില്‍ സൈക്കിള്‍ എന്ന ആഗ്രഹം കലശമായത്. എന്നും സൈക്കിളില്‍ സ്കൂളില്‍ പോവുന്നതും സ്വപ്നം കണ്ടുറങ്ങിയ രാത്രികള്‍ കുട്ടികളുടെ മുന്‍പിലൂടെ അതില്‍ കയറി കുറച്ച് അഹങ്കാരത്തോടെ സവാരി ചെയ്യുന്നതെല്ലാം ആന്നത്തെ സ്വപ്നങ്ങളില്‍ നിത്യ സംഭവങ്ങളായിരുന്നു.

പക്ഷേ എന്‍റെ ആ ആഗ്രഹം എന്റേത് മാത്രമാക്കി ഞാന്‍ രാത്രിയിലുള്ള ഉറക്കത്തില്‍ മാത്രം സാവാരിക്കിറങ്ങുന്ന ഒരു രാത്രി സഞ്ചാരിയായിരുന്നു.

ഒരുപാട് യാത്രകള്‍ അതില്‍ ഞാന്‍ നടത്തിയിട്ടുണ്ട് തിരുവാലി മുതല്‍ നിലമ്പൂര്‍ വഴി വഴിക്കടവ് നാടുകാണി ചുരം കയറി വയനാട് വഴി കോഴിക്കോട് പിന്നെ നേരെ കൊണ്ടോട്ടി വഴി ഉമ്മാന്റെ വീട്ടിലെല്ലാം കയറി മഞ്ചേരി വഴിയോ അല്ലങ്കില്‍ അരീക്കോടിലൂടെ എടവണ്ണ വഴിയോ വീട്ടിലെത്തും അതും രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറു മണി ആവുമ്പോഴേക്കും.

നേരം വെളുക്കുമ്പോള്‍ അതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന അഞ്ചാം ക്ലാസ്സുകാരന്‍റെ സങ്കടം ആര് കാണാന്‍ കരച്ചില്‍ ആര് കേള്‍ക്കാന്‍....,

നേരം വെളുത്താല്‍ ഞാനും എന്‍റെ കൂട്ടുകാരന്‍ ആഷ്റഫും സ്കൂള്‍ യാത്രകളില്‍ ചര്‍ച്ച ചെയ്തിരുന്ന ഒരു പ്രധാന വിഷയവും ഇത് തന്നെയായിരുന്നു.

ആ സൈക്കിളും മനസ്സില്‍ കണ്ടു ഞാന്‍ പന്ത് കളി കണ്ടത്തില്‍ (Football ground) കടല വില്‍ക്കാനും ഏട്ടന്‍റെ കടയില്‍ കച്ചവടത്തിന് സഹായിക്കാനും  തുടങ്ങി. കടയില്‍ നിന്ന് കിട്ടുന്നതും കടല വിറ്റുണ്ടാക്കുന്നതും  മിച്ചം പിടിച്ച് ഞാന്‍ അവസാനം ഒരു പഴയ സൈക്കിള്‍ വാങ്ങി .

സത്യത്തില്‍ എന്‍റെ അഞ്ചാം ക്ലാസ്സില്‍ നിന്നും തുടങ്ങിയ  സ്വപ്നം യാഥാര്‍ഥ്യമായത് എട്ടാം ക്ലാസ്സില്‍ എത്തിയപ്പോഴായിരുന്നു ഏകദേശം മൂന്ന് മൂന്നര കൊല്ലം.

അങ്ങനെ അന്ന് മുതല്‍ ഞാനൊരു സൈക്കിള്‍ മുതലാളിയായി ഒരു അരവണ്ടിയുടെ മുതലാളി .

പിന്നെ കുറച്ചു കാലം അതിന്‍റെ മുകളില്‍ തന്നെയായിരുന്നു വെറുതെ എങ്ങോട്ടിന്നില്ലാതെ ചുറ്റലോ ചുറ്റല്‍.,

വെറുതെ ഓരോ അര മണിക്കൂര്‍ കഴിയുമ്പോഴും അതിന്‍റെ മുകളില്‍ ഒന്ന് കയറണം അല്ലങ്കില്‍ എന്തെന്നില്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ ആയിരുന്നു എനിക്ക്.

അങ്ങനെ ഒരിക്കല്‍ കടയില്‍ നില്‍ക്കുന്ന സമയം ഏകദേശം പത്തുമണി ആയിക്കാണും. ഏട്ടനോട് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ നേരെ വീട്ടിലേക്കു  പോയി.

വീട്ടില്‍ പോയി ചായ കുടിച്ച് നേരെ വീണ്ടും സൈക്കിളില്‍., അടുത്ത സവാരിക്ക് റോഡിലേക്കിറങ്ങി.

എന്നിട്ട് സര്‍ക്കസ്സില്‍ അഭ്യാസികള്‍ കാണിക്കുന്നത് പോലെ ഒന്ന് രണ്ടു ഐറ്റംസ് അതിനിടക്ക് ഒരു അപ്പൂപ്പന്‍ സൈക്കിളും കൊണ്ട് എന്‍റെ മുന്‍പിലൂടെ പോവുന്നുണ്ടായിരുന്നു. നേരെ സൈക്കിളുമായി അദ്ദേഹത്തിന്‍റെ പിറകില്‍ ചെന്ന്  രണ്ടു സൈടിലേക്കും ആട്ടി ആട്ടി സൈക്കിള്‍ ഓടിച്ചു കൊണ്ട് അദ്ദേഹത്തേ മറികടന്നു പോയി.

പെട്ടെന്ന് പിന്നില്‍ നിന്നൊരു നിലവിളി കേട്ട് കുറച്ച് കൂടി മുന്നോട്ട് പോയി  ബ്രേക്ക്‌ പിടിച്ചു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് എന്‍റെ മുന്‍പില്‍ പോയിരുന്ന അപ്പൂപ്പന്‍ സൈക്കിളിന്‍റെ അടിയില്‍ കിടക്കുന്നു.

എന്‍റെ ആട്ടി ആട്ടിയുള്ള സൈക്കിള്‍ ഓടിക്കലില്‍ എന്‍റെ സൈക്കിളിന്‍റെ സ്റ്റാന്റ് അപ്പൂപ്പന്‍റെ സൈക്കിളിന്‍റെ മുന്നിലത്തെ ടയറില്‍ ഉടക്കിയിരുന്നു

പിന്നെ ഞാനൊന്നും ആലോചിച്ചില്ല സൈക്കിള്‍ എടുത്തു കത്തിച്ചു വിട്ടു. കുറച്ചു ദൂരം കഴിഞ്ഞ് അപ്പൂപ്പന്‍ വീണു കിടന്നിരുന്ന റോഡിന്‍റെ കുറച്ച് അപ്പുറത്ത് പോയി നോക്കുമ്പോഴുണ്ട് കുറച്ചാളുകള്‍ അദ്ദേഹത്തേ എടുത്തു ഓട്ടോയില്‍ കയറ്റി കൊണ്ട് പോവുന്നു. സൈക്കിള്‍ വേറൊരാള്‍ ഓടിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു.

വൈകുന്നേരം ഏട്ടന്മാര്‍ അങ്ങേരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു വന്നതിന് ശേഷമാണ് അന്ന് ഉറങ്ങിയത്.

എന്തായാലും കുറച്ചു കാലത്തേക്ക് സൈക്കിള്‍ വീണ്ടും ഒരു സ്വപ്നം മാത്രമായി മാറ്റിയ സംഭവമായിരുന്നു അത്.

ചെറുപ്പത്തില്‍ നമ്മളെ സങ്കടപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്തിരുന്ന കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമ്പോള്‍ ഒരു തമാശയായി തോന്നാറുണ്ട് ..

ശരിയല്ലേ .. ?

എന്‍റെ സൈക്കിള്‍ യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു ഒരുപാട് പേടിപ്പെടുത്തലുകളും സങ്കടപ്പെടുത്തലുകളുമായി....

Popular Posts